ഇന്ന് അറിയാം ദിലീപിന്റെ വിധി..

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ജാമ്യംതേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദിലീപിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലവും സമര്‍പ്പിക്കും.
പോലീസിന്റെ നിലപാടുകളെ ചോദ്യം ചെയ്തു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇത് പ്രോസിക്യൂഷന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്‍. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യഹര്‍ജി വാദത്തിനെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യ ഹര്‍ജികള്‍ തളളിയിരുന്നു. ദിലീപ് അറസ്റ്റാലിയായി മുപ്പത്തിയേഴാമത്തെ ദിവസമാണ് വീണ്ടും ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ദിലിപീന്റെ വാദവും പ്രോസിക്യൂഷന്‍ വാദവും ഇന്നുണ്ടായേക്കും. ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പൊലീസ് സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കും.

മുന്‍പ് ജാമ്യ ഹര്‍ജി തളളാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ ഇനി നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ പ്രധാനം വാദം. പ്രധാന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് തന്നെ കെട്ടിച്ചമച്ചതെന്നും വാദിക്കും. പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിച്ച വിവരം 20 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് പോലീസിനെ അറിയിച്ചത് എന്നതാണ് അറസ്റ്റിനു പ്രധാന കാരണമായി പോലീസ് നിരത്തിയത്. എന്നാല്‍, ഏപ്രില്‍ പത്താം തീയതി നാദിര്‍ഷയ്ക്ക് രണ്ടാമത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഇതിന്റെ ശബ്ദരേഖയുള്‍പ്പെടെ ഡിജിപി ലോക്നാഥ് ബെഹ്റയെ ഈ വിവരം അറിയിച്ചിരുന്നതായും ജാമ്യാപേക്ഷയില്‍ പറയുന്നു.

മഞ്ജു വാര്യര്‍ക്കും, എഡിജിപി ബി. സന്ധ്യക്കുമെതിരെ ജാമ്യാപേക്ഷയില്‍ ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജുവും എഡിജിപിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും തന്നെ ചോദ്യം ചെയ്യുമ്പോള്‍ മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും കാര്യം പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നെന്നും ജാമ്യാപേക്ഷയിലുണ്ട്.
എന്നാല്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍തകരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി അന്വേഷണം തുടരുന്നു, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നീ കാര്യങ്ങളും കോടതിയെ അറിയിക്കും. ദിലീപിന് ജാമ്യം നല്‍കിയാല്‍ പ്രധാന സാക്ഷികളെയടക്കം സ്വാധീനിക്കുമെന്നും പൊലീസ് ഉന്നയിക്കും.

SHARE