മന്ത്രി ഇങ്ങനെ പറഞ്ഞോണ്ടിരിക്കും; ചെവിക്കൊള്ളാതെ ഹോട്ടലുടമകളും; ഭക്ഷണവില കുത്തനെ കൂട്ടിയുള്ള കൊള്ള തുടരുന്നു…

തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്‍പുട്ട് ടാക്‌സ് കിഴിച്ചുള്ള നികുതിയല്ല നിലവില്‍ പല ഹോട്ടലുകളും ഈടാക്കുന്നത്. അതുകൊണ്ടു തന്നെ അധിക വരുമാനം ഹോട്ടലുകള്‍ ഇതിനകം എടുത്ത് കഴിഞ്ഞ സാഹചര്യമാണ്. തീരുമാനത്തില്‍ നിന്ന് ഹോട്ടലുടമകള്‍ പിന്‍മാറണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
വിലനിലവാരവും ഗുണമേന്മയുമനുസരിച്ച് ഭക്ഷണ ശാലകളെ തരംതിരിക്കാത്തതാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് തടസമാകുന്നതെന്നും തോമസ് ഐസക് അറിയിച്ചു. എ.സി ഹോട്ടലുകളിലെ നികുതി ഏകീകരണം അംഗീകരിക്കാനാകില്ലെന്നും ഐസക് പറഞ്ഞു. എ.സി, നോണ്‍ എ.സി റസ്റ്റോറന്റുകളില്‍ ഒരേ നികുതി നിരക്ക് അംഗീകരിക്കാനാകില്ല. കേന്ദ്ര നികുതി വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ കേരളത്തിന്റെ എതിര്‍പ്പ് അറിയിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നും തോമസ് ഐസക്ക് തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ജിഎസ്ടി നടപ്പിലാക്കി ഒന്നരമാസമായിട്ടും ഹോട്ടലുകള് കൊള്ള തുടരുന്നത് തടയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സാധാരണക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ജിഎസ്ടിക്ക് മുന്‍പുണ്ടായിരുന്ന ഭക്ഷണത്തിന്റെ വിലയ്‌ക്കൊപ്പം കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും കൂട്ടി കൊള്ളലാഭമാണ് ഹോട്ടലുടമകള്‍ പോക്കറ്റിലാക്കുന്നത്.
അതിനിടെ എ.സി റെസ്റ്റോറന്റിലെ നോണ്‍ എസി ഫ്‌ളോറിലിരുന്ന് ഭക്ഷണം കഴിച്ചാലും 18 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരുമെന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഭക്ഷണം പൊതിഞ്ഞ് വാങ്ങിയാലും ഇതേ നിരക്ക് ബാധകമാകും. ജൂലായ് ഒന്നിന് നിലവില്‍വന്ന ചരക്ക് സേവന നികുതി പ്രകാരം ശീതീകരിക്കാത്ത റസ്റ്റോറന്റുകളില്‍നിന്ന് ഭക്ഷണം കഴിച്ചാല്‍ 12 ശതമാനം ജിഎസ്ടിയാണ് ബാധകമാകുക. ശീതീകരിച്ച ഒന്നാം നിലയില്‍ റെസ്‌റ്റോറന്റും ബാറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശ്രീതീകരിക്കാത്ത താഴത്തെ നിലയില്‍നിന്ന് ഭക്ഷണം കഴിക്കുകയോ പൊതിഞ്ഞുവാങ്ങുകയോ ചെയ്താല്‍ 18 ശതമാനംതന്നെ ജിഎസ്ടി നല്‍കേണ്ടിവരും.
ഇക്കാര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 28 ശതമാനമാണ് ജിഎസ്ടി.

SHARE