കാറിന് തീപിടിച്ചു; കുടുംബാംഗങ്ങളെ രക്ഷിച്ചെങ്കിലും യുവാവിന് ദാരുണാന്ത്യം; സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്ന യുവാവിന് പുറത്തിറങ്ങാനായില്ല; അപകടം കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ

കോയമ്പത്തൂര്‍: കുടുംബവുമൊത്തുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ചു; കുടുംബാംഗങ്ങളെ രക്ഷിച്ചെങ്കിലും കാറില്‍ അകപ്പെട്ട യുവാവ് മരിച്ചു. ബംഗളൂരുവില്‍നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആണ് കത്തിയത്.കര്‍ണാടക കോലാര്‍ ആണ്ടക്കര്‍പേട്ട് ബസാര്‍ വീഥിയില്‍ ദിലീപ് കുമാര്‍ ഗൗഡ (38) ആണു മരിച്ചത് കോയമ്പത്തൂര്‍ മധുക്കരൈ എല്‍ആന്‍ടി ജങ്ഷന് കഴിഞ്ഞ ടോള്‍ ബൂത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലേക്ക് വരികയായിരുന്നു.
കോയമ്പത്തൂരില്‍ ടോള്‍ബൂത്തിന് സമീപം വച്ചാണ് കാറില്‍ തീപടരുന്നത് ദിലീപ് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കാര്‍ നിര്‍ത്തിയ ഇയാള്‍ ഭാര്യയേയും രണ്ട് കുട്ടികളേയും വണ്ടിയില്‍ നിന്ന് പുറത്തിറക്കി. എന്നാല്‍ സീറ്റ് ബല്‍റ്റ് ഇട്ടിരുന്നതിനാല്‍ ദിലീപിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. കെഎല്‍7 രജിസ്‌ട്രേഷന്‍ റിറ്റ്‌സ് കാറാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
ബംഗളൂരുവില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് കുമാറും കുടുംബവും കാറില്‍ കൊച്ചിയില്‍ സഹോദരനെ കാണാന്‍ പോകുമ്പോഴാണ് അപകടം. ഭാര്യ ആശ ദേവുഡ, മകന്‍ എച്ചു, മകള്‍ എത്തല്‍ എന്നിവരും കാറിലുണ്ടായിരുന്നു. കേരള റജിസ്‌ട്രേഷന്‍ കാറാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ അപകടത്തില്‍പെട്ടത്. എന്‍ജിനില്‍നിന്നു തീ ഉയരുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഭാര്യയെയും കുട്ടികളെയും വിളിച്ചുണര്‍ത്തി കാറില്‍ നിന്നിറക്കിയ ദിലീപ് കുമാറിനു പെട്ടെന്നു സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്നു പൊലീസ് അറിയിച്ചു. കാറിനകത്തു കുടുങ്ങിയ ദിലീപ് കുമാര്‍ പൊള്ളലേറ്റു മരിച്ചു. കാറില്‍ തീ പടരാനുള്ള കാരണം വ്യക്തമല്ലെന്നു മധുക്കര പൊലീസ് പറഞ്ഞു.

SHARE