എല്ലാവര്‍ക്ക് അറിയണം എന്താണ് സറാഹ് ആപ്പ്‌? ഇതാണ് കാര്യം…

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ടെക്ക് ഗ്രൂപ്പുകളിലും ചര്‍ച്ചയാകുന്ന ആപ്ലിക്കേഷനാണ് സറാഹാ. ഈ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിട്ട് ഏതാനും മാസങ്ങള്‍ ആയെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ പ്രചാരിക്കാന്‍ തുടങ്ങിയത്. വന്‍ വലിയ സ്വീകാര്യതയാണ് ഇന്ത്യയില്‍ ആപ്പ് ദിവസങ്ങള്‍ കൊണ്ട് നേടിയെടുത്തത്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയ ഒരു ആപ്പ് എന്ന് സറാഹാ ആപ്ലിക്കേഷനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

വളരെ ലളിതമായ ആശയത്തിലാണ് സറാഹാ ആപ്പ് രൂപംകൊണ്ടത്. ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ മാത്രം മതി. ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും സറാഹാ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാം. ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവും അപ്ലിക്കേഷനില്‍ ലഭ്യമാണ്. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്‌സിലാണ് കാണുക. അവ നിങ്ങള്‍ക്ക് ഫ്‌ലാഗ് ചെയ്യുകയോ ഡെലിറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ പിന്നീട് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി പ്രിയപ്പെട്ടവയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയോ ആവാം.

ആപ്പ് വളരെ ജനപ്രിയമായിട്ടുണ്ടെങ്കിലും, അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ആപ്പ്‌സ്റ്റോറില്‍ ദുര്‍ബല ഹൃദയര്‍ക്ക് ഈ ആപ്പ് നന്നായിരിക്കില്ലെന്നാണ് ഒരാള്‍ സറാഹാ ആപ്പിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 10,305 ആളുകളാണ് ആപ്പിന് 5 സ്റ്റാര്‍ നല്‍കിയിരിക്കുന്നത്. 9,652 ആളുകളാവട്ടെ 1 സ്റ്റാര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

സൗദി സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാ എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പരസ്യമായി തുറന്നു പറയാന്‍ മടിക്കുന്ന അഭിപ്രായങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നില്‍ ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താന്‍ സറാഹാ സഹായിക്കും എന്നാണ് ആപ്പിനെ കുറിച്ചുള്ള വിവരണത്തില്‍ ഡെവലപ്പര്‍മാര്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സറാഹാ ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും ഇപ്പോള്‍ ഇന്ത്യയിലും ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.ജൂലൈയില്‍ മുപ്പത് രാജ്യങ്ങളിലാണ് സറാഹാ ആപ്പ് പുറത്തിറക്കിയത്. സറാഹാ പ്രൊഫൈല്‍ സ്‌നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കള്‍ ഇതിനോടകം സറാഹാ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

SHARE