ആ മരണം അപൂര്‍വ രോഗം മൂലം: സേവാഗിനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

ആരെയും ട്രോളാനില്ലാത്തതുകൊണ്ട് കഴിഞ്ഞ ദിവസം സ്വയം ട്രോളി വാര്‍ത്ത സൃഷ്ടിച്ച സെവാഗിന് പക്ഷെ ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോള്‍ പണി കിട്ടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം ശരിവെച്ച് കുട്ടികള്‍ മരിച്ചത് അപൂര്‍വരോഗം മൂലമാണെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ദാരുണമായ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത അപൂര്‍വ രോഗം മൂലമാണ് കുട്ടികള്‍ മരിക്കാന്‍ ഇടയായതെന്നും സെവാഗ് ട്വിറ്റിറില്‍ കുറിച്ചു.

ഒരുപടികൂടി കടന്ന് ഇതുവരെ ഈ രോഗം ബാധിച്ച് 50000ത്തോളം കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് കൂടി സെവാഗ് കണ്ടുപിടിച്ചു.ഇതോടെ സെവാഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്ന്. യുപി സര്‍ക്കാരിന്റെ വക്താവാണോ സെവാഗ് എന്നും രാജ്യസഭാ സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടോ എന്നും വരെ ആരാധകര്‍ സെവാഗിനോട് ചോദിച്ചു.

ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. മരിച്ച കുട്ടികളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഓക്‌സിജന്‍ വിതരണത്തിലെ തടസമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും ആശുപത്രി അധികൃതരും ഇത് നിഷേധിക്കുകയാണ്

SHARE