യുവതിയേയും അഭിഭാഷകനായ ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു; നഗരസഭാ കൗണ്‍സിലര്‍ക്കും ഭര്‍ത്താവിനുമെതിരേ കേസ്

കൊച്ചി: യുവതിയേയും അഭിഭാഷകനായ ഭര്‍ത്താവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ കളമശ്ശേരി നഗരസഭ കൗണ്‍സിലറും ഭര്‍ത്താവും ഉള്‍പ്പെട്ട സംഘത്തിനെതിരേ കേസ്. കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഭിഭാഷകനെയും ഭാര്യയെയും നഗരസഭ സ്ഥിരം സമിതിയംഗം റുക്കിയ ജമാലും സഹോദരനും ഭര്‍ത്താവിനൊപ്പം മര്‍ദ്ദിച്ചാതായാണു പരാതി. ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ ജിയാസ് ജമാലാണു അക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ കളമശേരിയിലെ സോഷ്യല്‍ ഹാളില്‍ വെച്ചായിരുന്നു സംഭവം.
വനിതാ കൗണ്‍സിലര്‍ അഭിഭാഷകനെ പുറത്തേക്ക് വിളിച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കൗണ്‍സിലറുടെ സഹോദരനും ഭര്‍ത്താവായ മുന്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും ഒരുപറ്റം ഗുണ്ടകളും ചേര്‍ന്ന് ജിയാസ് ജമാലിനെ ക്രൂരമായി മര്‍ദ്ദിച്ചു. അക്രമികള്‍ മദ്യലഹരിയിലായിരുന്നെന്നും ആക്ഷേപമുണ്ട്. മര്‍ദ്ദനമേറ്റ ജിയാസ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നഗരസഭ അധ്യക്ഷ സ്ഥാനം അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നെന്ന പേരില്‍ ഐ ഗ്രൂപ്പിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് മര്‍ദ്ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കളമശേരിയില്‍ എ –- ഐ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുന്നതിന് പിന്നാലെയാണ് അക്രമസംഭവം. കളമശേരി എംഎല്‍എ ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവരുടെ ഫേസ്ബുക്ക് പ്രൊമോട്ടര്‍ കൂടിയാണ് ജിയാസ്.
അതിനിടെ ജിയാസാണു തന്നെ ആദ്യം മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കൗണ്‍സിലര്‍ കളമശേരി പോലീസിന് പരാതി നല്‍കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

SHARE