ടെസ്റ്റില്‍ പാണ്ഡ്യക്ക് ട്വന്റി20 സെഞ്ച്വറി : മൂന്നാം ക്രിക്കറ്റ് ഇന്ത്യ 487 റണ്‍സിന് പുറത്ത്

Cricket - Sri Lanka v India - Third Test Match - Pallekele, Sri Lanka - August 13, 2017 - India's Hardik Pandya celebrates his century. REUTERS/Dinuka Liyanawatte

പല്ലേക്കലെയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മലിന്ദ പുഷ്പകുമാരയുടെ ഒരോവറില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ അടിച്ചെടുത്ത റണ്‍സ് കാണാന്‍ കഴിയാത്തപ്പുറമായിരുന്നു. ശിഖര്‍ ധവാനു പിന്നാലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി ഹാര്‍ദിക് പാണ്ഡ്യയും കളം നിറഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത് 487 റണ്‍സ്. ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ ഇതേ സ്‌കോറില്‍ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയ്ക്ക് മത്സരം പുനരാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ പാണ്ഡ്യെ നഷ്ടമായി. കന്നി ടെസ്റ്റ് കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്ത്ണ് പുറത്തായത്. ഉമേഷ് യാദവ് മൂന്നു റണ്‍സോടെ പുറത്താകാതെ നിന്നു. 10-ാം വിക്കറ്റില്‍ പാണ്ഡ്യ-യാദവ് സഖ്യം 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്ക്കായി ബോളര്‍ ലക്ഷന്‍ സന്ദാകന്‍ അഞ്ചും പുഷ്പകുമാര മൂന്നും ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

പുഷ്പകുമാരയുടെ ഓവറില്‍ ആകെ 26 റണ്‍സ് അടിച്ചെടുത്ത പാണ്ഡ്യ, ടെസ്റ്റ് ഇന്നിങ്‌സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 27 വര്‍ഷമായി കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു മുന്നില്‍ വഴിമാറിയത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് ആദ്യ സെഞ്ച്വറി കുറിച്ചത്. അവസാന വിക്കറ്റുകളില്‍ ‘ട്വന്റി20’യെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 93 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്‌സും ഉള്‍പ്പെടെയാണ് 108 റണ്‍സെടുത്തത്. 14 പന്തുകള്‍ നേരിട്ട യാദവ് മൂന്നു റണ്‍സ് എടുത്തിട്ടുണ്ട്.

എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനൊപ്പവും (62) 10-ാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പവും (66) അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയാണ് രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 13 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് തുടക്കമിട്ട വൃദ്ധിമാന്‍ സാഹയെ ഫെര്‍ണാണ്ടോ പുറത്താക്കുന്നതു കണ്ടുകൊണ്ടാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. 43 പന്തില്‍ 16 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. കുല്‍ദീപ് യാദവ് (73 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 26), മുഹമ്മദ് ഷാമി (13 പന്തില്‍ എട്ട്) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ഇന്നിങ്‌സ് 400 കടത്തിയ ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ കൂടുതല്‍ അപകടകാരിയായി മാറുകയായിരുന്നു.

ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തിയുള്ള പാണ്ഡ്യയുടെ സെഞ്ച്വറിക്കുതിപ്പ് അത്യുഗ്രനായിരുന്നു. ഒന്‍പതാമനായി മുഹമ്മദ് ഷാമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ. ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടര്‍ന്ന് സെഞ്ചുറിയിലേക്കെത്താന്‍ വേണ്ടിവന്നത് 32 പന്തുകള്‍ മാത്രം. പാണ്ഡ്യയുടെ സെഞ്ച്വറി തടയാന്‍ ഫീല്‍ഡിങ് തന്ത്രങ്ങളൊരുക്കിയ ലങ്ക ഉമേഷ് യാദവിനെ ലക്ഷ്യമിട്ടെങ്കിലും, സമ്മര്‍ദ്ദ നിമിഷങ്ങള്‍ അതിജീവിക്കാന്‍ യാദവിനായതോടെ പാണ്ഡ്യയുടെ കന്നി സെഞ്ച്വറിക്ക് അരങ്ങൊരുങ്ങി. ഏഴു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെയാണ് പാണ്ഡ്യ സെഞ്ച്വറിയിലെത്തിയത്. അതിനുശേഷം ശിഖര്‍ ധവാനെ അനുകരിച്ചുള്ള പാണ്ഡ്യയുടെ ആഹ്ലാദ പ്രകടനം ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ചിരി പൊഴിച്ചു.

ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറിന് 329 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ഒന്നാം വിക്കറ്റില്‍ ധവാന്‍-രാഹുല്‍ സഖ്യം 188 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് 141 റണ്‍സിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകന്‍, അശ്വിനെ മടക്കിയ ഫെര്‍ണാണ്ടോ എന്നിവരാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.

SHARE