ഭാഗ്യം.. ഇക്കുറി പാക്കിസ്ഥാനിലേക്കല്ല…! മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന പരാമര്‍ശത്തില്‍ ഹമീദ് അന്‍സാരിയെ നാടുകടത്താനൊരുങ്ങി ആര്‍എസ്എസ്

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന് തുറന്നടിച്ച മുന്‍ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരിക്കു മറുപടിയുമായി ആര്‍എസ്എസ്. ഏതു രാജ്യത്തേക്ക് പോകാനും അന്‍സാരിക്ക് സ്വാതന്ത്ര്യമുണ്ട്. സുരക്ഷിതമെന്ന് തോന്നുന്നയിടത്തേക്ക് പോകാമെന്നും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന അന്‍സാരിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഇന്ദ്രേഷിന്റെ മറുപടി. ‘നിര്‍ഭാഗ്യവശാല്‍ അന്‍സാരിക്ക് രാജ്യത്തിന്റെ ഒരു കോണില്‍ നിന്നും പിന്തുണ ലഭിച്ചില്ല. മുസ്‌ലിംകള്‍ പോലും അന്‍സാരിക്ക് പിന്തുണ നല്‍കിയില്ല. കഴിഞ്ഞ പത്തു വര്‍ഷം മതേതര മുഖമായിരുന്നു അന്‍സാരിക്ക്. പക്ഷേ ഇന്ന് അദ്ദേഹം മതമൗലിക വാദിയായി. നേരത്തെ അദ്ദേഹം മുഴുവന്‍ പാര്‍ട്ടികളുടെയും നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരനായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അദ്ദേഹത്തിന് അരക്ഷിതാവസ്ഥ തോന്നിയിട്ടില്ല. ഏതു രാജ്യത്താണ് മുസ്‌ലിംകള്‍ സുരക്ഷിതരെന്ന് അദ്ദേഹം പറയണം. ഇനിയും അദ്ദേഹം ഇവിടെ നില്‍ക്കണമെന്നില്ല. സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

അന്‍സാരിയുടെ വിടവാങ്ങല്‍ ചടങ്ങ് രാജ്യസഭയില്‍ നടക്കുന്നതിനിടെയാണ് അഭിമുഖം പുറത്തുവന്നത്. രാജ്യത്ത് അസഹിഷ്ണുത പടരുകയാണ്. ഇന്ത്യക്കാരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. അസഹിഷ്ണുതയും ഗോ രക്ഷാ ഗുണ്ടായിസവും അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്‍സാരിയുടെ പരാമര്‍ശം.

SHARE