മഹാനായ യോഗി ആ കുഞ്ഞുങ്ങളെ സ്വര്‍ഗ്ഗം പൂകാന്‍ സഹായിക്കുകയല്ലേ ചെയ്തത്… ന്യായീകരണ തൊഴിലാളികളെ പരിഹസിച്ച് എം.ബി രാജേഷ് എം.പി

ന്യുഡല്‍ഹി: ഗോരഖ്പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ അറുപത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി എം.ബി രാജേഷ് എം.പി അടിയന്തിരാവശ്യമായ ഓക്‌സിജന്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്തത് മാപ്പില്ലാത്ത കൃത്യവിലോപമാണെന്നും പശു ഓക്‌സിജന്‍ തരും എന്ന് വിശ്വസിക്കുന്നവര്‍ ഭരിക്കുമ്പോള്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ല എന്നു പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക് എങ്ങനെ മനസിലാകുേെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…


പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുന്നത് ഒന്നോർത്തു നോക്കൂ.അതും കുരുന്നുകളാണെങ്കിൽ. അതിനേക്കാൾ ഹൃദയഭേദകമായിട്ടെന്താണുള്ളത്? യു.പി.ആശുപത്രിയിലെ കൂട്ട ശിശുഹത്യ മന:സാക്ഷിയുള്ള എല്ലാവർക്കും നടുക്കം മാത്രമല്ല രോഷവുമുണ്ടാക്കുന്നു. ഈ ദുരന്തത്തിന്റെ രാഷ്ട്രീയം ഇപ്പോൾ പറയുന്നത് മുതലെടുപ്പിനല്ല. ഇപ്പോഴാണത് പറയേണ്ടത് എന്നതുകൊണ്ടാണ്. യുക്തിവിചാരവും സെൻസിറ്റിവിറ്റിയും തീർത്തും നഷ്ടമായിട്ടില്ലാത്തവരുടെ പരിഗണനക്കുവേണ്ടിയാണ്.
അട്ടപ്പാടിയെക്കുറിച്ച് മാത്രം കള്ളക്കണ്ണീരൊഴുക്കിയവർക്ക് കണ്ണുവേണം കണ്ണില്ലാത്ത സർക്കാരിന്റെ നിസ്സംഗത കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമാക്കിയത് കാണാൻ. അതും മുഖ്യന്റെ മണ്ഡലത്തിൽ. അട്ടപ്പാടിയിൽ ഏതാനും വർഷത്തിനിടയിൽ മരിച്ചത്രയും കുട്ടികളാണ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. കള്ളക്കണ്ണീരുമുഴുവൻ അട്ടപ്പാടിയിലൊഴുക്കിയവർക്ക് ഒരു തുള്ളി ബാക്കിയുണ്ടാവുമോ ഗോരഖ്പൂരിലെ നിഷ്‌ക്കളങ്കരായ കുട്ടികൾക്ക് വേണ്ടി പൊഴിക്കാൻ? അതോ മഹാനായ യോഗി ആ കുഞ്ഞുങ്ങളെ സ്വർഗ്ഗം പൂകാൻ സഹായിക്കുകയല്ലേ ചെയ്തത് എന്ന മട്ടിലുള്ള പതിവ് കുയുക്തികളും തെറിന്യായങ്ങളുമായി വിമർശിക്കുന്നവരെ പോർവിളിക്കാനാണോ ഭാവം?
ആശുപത്രിയിൽ അടിയന്തിരാവശ്യമായ ഓക്‌സിജൻ പോലും ലഭ്യമാക്കാൻ കഴിയാത്തത് മാപ്പില്ലാത്ത കൃത്യവിലോപമാണ്. ആദ്യം 23 കുട്ടികൾ മരിച്ച ശേഷമെങ്കിലും സർക്കാർ ഉണർന്നിരുന്നെങ്കിൽ പിന്നീട് 7 പേരുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. അതിന് മനുഷ്യജിവനെ വിലകൽപ്പിക്കുന്ന ഭരണമാവണം.പശുവിന് ആംബുലൻസ് ഏർപ്പെടുത്തുകയും ദരിദ്രർ ഉറ്റവരുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞു തലയിൽ ചുമന്ന് കിലോമീറ്ററുകൾ താണ്ടുകയും ചെയ്യുന്നത് നാട്ടുനടപ്പായ നാട്ടിൽ മറ്റെന്താണ് സംഭവിക്കുക? പശു ഓക്‌സിജൻ തരും എന്ന് വിശ്വസിക്കുന്നവർ ഭരിക്കുമ്പോൾ ആശുപത്രിയിൽ ഓക്‌സിജൻ ഇല്ല എന്നു പറഞ്ഞാൽ ഭരണാധികാരികൾക്ക് എങ്ങിനെ മനസ്സിലാവും? പശുരക്ഷക്കും പ്രണയം പൊളിക്കാനും (ആന്റി റോമിയേ സ്‌ക്വാഡ്) ഉള്ള ശുഷ്‌കാന്തിയെങ്കിലും പ്രാണവായു ഉറപ്പാക്കാൻ നൽകിയിരുന്നെങ്കിൽ….

വാൽക്കഷണം: തിരുവനന്തപുരത്ത് പാഞ്ഞെത്തിയ കേന്ദ്രമന്ത്രി ഇപ്പോൾ ലഖ്‌നൗവിലെത്തിയോ?ഡൽഹിയിൽ നിന്ന് അരമണിക്കൂറിൽ പറന്നെത്താവുന്നതല്ലേയുള്ളൂ. മലയാളികളെ പാഠം പഠിപ്പിക്കാൻ ഈ യോഗിയെ ആരോ കേരളത്തിലേക്ക് കൊണ്ടുവരുന്നുവത്രേ. വരട്ടെ….വരട്ടെ…..

SHARE