വിമതനീക്കം നടത്തിയ ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി; എന്‍ഡിഎയില്‍ ചേരാന്‍ നിതീഷ് കുമാറിന് അമിത് ഷായുടെ ക്ഷണം

ന്യൂഡല്‍ഹി: ജെഡിയു മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു. നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്. ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട കത്ത് കൈമാറിയെന്നും ജെഡിയു ബിഹാര്‍ പ്രസിഡന്റ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ നടപടികള്‍ തുടരുന്ന ഒരു വ്യക്തിക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തെന്നും ജെഡിയു നേതൃത്വം അവകാശപ്പെട്ടു.

ജെഡിയു എന്‍ഡിഎയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കമെന്നാണ് കരുതുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിനെ എന്‍ഡിഎ സഖ്യത്തിലേക്ക് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ഷണിച്ചിരുന്നു.’ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറുമായി എന്റെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ജെഡിയുവിനെ എന്‍ഡിഎയിലേക്ക് ഞാന്‍ ക്ഷണിച്ചു’- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യമാണ് ഭരണം നടത്തുന്നതെങ്കിലും ജെഡിയു എന്‍ഡിഎയുടെ ഭാഗമല്ല.

അമിത് ഷായുടെ ക്ഷണത്തോടുള്ള ജെഡിയുവിന്റെ ഔദ്യോഗിക പ്രതികരണം ഈ മാസം 19ന് പട്‌നയില്‍ നടക്കുന്ന ജെഡിയു എക്‌സിക്യൂട്ടിവിന് ശേഷമേ ഉണ്ടാകൂവെന്നാണ് കരുതുന്നത്. മഹാസഖ്യം തകര്‍ത്ത് ബിജെപിയെ കൂട്ടുപിടിച്ച് ജെഡിയു ബിഹാറില്‍ ഭരണത്തില്‍ എത്തിയതിനോട് മുതിര്‍ന്ന ജെഡിയു നേതാവ് ശരദ് യാദവിന് വലിയ എതിര്‍പ്പാണുള്ളത്.

SHARE