ഡിജിപി ബെഹ്‌റയെ വെട്ടിലാക്കിയ ദിലീപിന് പോലീസിന്റെ മറുപടി: പരാതി ലഭിച്ചത് ഏപ്രില്‍ 22 ന്, പള്‍സര്‍ സുനി വിളിച്ചത് മാര്‍ച്ച 28ന് , കോടതിയില്‍ സത്യവാങ് മൂലം നല്‍കും

കൊച്ചി : നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പൊലീസിന്റെ മറുപടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാനാകില്ല. പരാതി ലഭിച്ചത് ഏപ്രില്‍ 22 നാണ്. മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ വിളിച്ചത്. പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം പരിശോധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങളുന്നയിച്ച് വിശദമായ സത്യവാങ്മൂലം കോടതിയില്‍ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി. 18നാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പ്രതികരിച്ചിരുന്നു. പള്‍സര്‍ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലര്‍ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവര്‍ ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്ത് നാദിര്‍ഷായ്ക്ക് 2017 ഏപ്രില്‍ 10നു ഫോണ്‍ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ജാമ്യാഹര്‍ജിയില്‍ ദിലീപ് പറയുന്നു. ശബ്ദരേഖയും കോള്‍ വന്ന ഫോണ്‍ നമ്പറും നല്‍കി. സുനിലിനെ തനിക്കറിയില്ല, ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നര കോടി രൂപയ്ക്കു താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നു സുനില്‍ പറയുന്നതു സാങ്കല്‍പികമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം പരസ്യമായി പറ!ഞ്ഞ നടിക്ക് കേസ് അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ട്. തന്നെ കുടുക്കാന്‍ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താന്‍. ചോദ്യം ചെയ്യല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനാവരുതെന്നതുള്‍പ്പെടെ അന്വേഷണത്തെക്കുറിച്ചു മുന്‍ ഡിജിപി പറഞ്ഞ അഭിപ്രായങ്ങള്‍ പ്രസക്തമാണെന്നും പൊലീസിനെ വെട്ടിലാക്കുന്ന രീതിയില്‍ ദിലീപ് ജാമ്യാഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

SHARE