നടന്‍ ദിലീപും പൊലീസും പറയുന്നത് ശരിയാണെന്ന് ഡിജിപി ബെഹ്‌റ; കൂടുതല്‍ സത്യം പറയുന്നത് ആരാണെന്ന് ഇപ്പോള്‍ പറയാനാവില്ല, കോടതിയില്‍ സത്യവാങ്മൂലം നല്‍കും

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നടന്‍ ദിലീപും പൊലീസും പറയുന്നതു ശരിയാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആരു പറയുന്നതാണു കൂടുതല്‍ ശരിയെന്നു പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അതു കോടതിയലക്ഷ്യമാകും. എന്നാല്‍ സംഭവം വിശദമാക്കി പൊലീസ് ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.നടിയെ തട്ടിക്കൊണ്ടുപോയ സുനില്‍ കുമാര്‍(പള്‍സര്‍ സുനി) തനിക്കു ജയിലില്‍ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്‌റയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നല്‍കിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാല്‍ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ഇതേക്കുറിച്ചു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ബെഹ്‌റ.
ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നു ബെഹ്‌റ വ്യക്തമാക്കി.

SHARE