ഇനിയും കാത്തിരിക്കണം; ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി; താരത്തിന്റെ പ്രതീക്ഷ തെറ്റി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു. ഇന്ന് വിധി പറയുമെന്ന് പ്രതീക്ഷിച്ച താരത്തിന് ഇനി ഒരാഴ്ച കാത്തിരിക്കണം. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച നല്‍കുമെന്നാണ് അറിയുന്നത്.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ യുക്തിഭദ്രമായി എതിര്‍ത്താണു പുതിയ ജാമ്യാപേക്ഷ. ദിലീപിനെ ഇല്ലാതാക്കാന്‍ ചലച്ചിത്രമേഖയില്‍ ഗൂഢാലോചന നടന്നെന്നും പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാന്‍ പൊലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിച്ചാണു പുതിയ ജാമ്യാപേക്ഷ. ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ആദ്യ കുറ്റപത്രം പറയുന്നു. ഇതു പാടേ നിഷേധിച്ചാണു ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോള്‍ പറയുന്നതെന്നു ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗുഢാലോചന നടത്തിയത് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും എന്ന് ദിലീപ്; പൃഥ്വിരാജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെയും ആരോപണം

ദിലീപ് ഗൂഢാലോചന നടത്തിയാണ് ഇക്കാര്യം ചെയ്യിച്ചതെങ്കില്‍ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ സ്വാഭാവികമായും ദിലീപിനു കൈമാറുമായിരുന്നു. എന്നാല്‍ ഇക്കാര്യം കണ്ടെത്താനായിട്ടില്ല. പള്‍സര്‍ സുനി പറഞ്ഞപ്രകാരം ഫോണ്‍ കണ്ടെത്താന്‍ ഇപ്പോഴും അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നാലുവര്‍ഷത്തിനിടെ നാലുവട്ടമാണു ദിലീപും പള്‍സര്‍സുനിയും തമ്മില്‍ കണ്ടതെന്നു പൊലീസ് പറയുന്നു. ഇതിനിടെ ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവില്ല. ദിലീപിന്റെ ഫോണ്‍ നമ്പര്‍ പോലും പള്‍സര്‍ സുനിയുടെ കൈവശമുണ്ടായിരുന്നില്ല. ഇതിനുവേണ്ടിയാണ് വിഷ്ണു മുഖേന നാദിര്‍ഷയെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടത്. പൊലീസ് റിപ്പോര്‍ട്ടില്‍നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ക്വട്ടേഷന്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞുവയ്ക്കുന്നു.

SHARE