യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി അധ്യക്ഷന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ചണ്ഡിഗഢ്: ഹരിയാനയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി അധ്യക്ഷന്റെ മകന്‍ വികാസ് ബലാറെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേയ്ക്കാണ് വികാസിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 365, 511 വകുപ്പുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

കേസില്‍ വികാസിനെ പ്രത്യേക അന്വേഷണം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നിന് മുമ്പായി സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് വികാസിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് തെളിവായി ലഭിച്ചിരുന്നു. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു ചണ്ഡിഗഡ് ഡിജിപി തേജീന്ദര്‍ സിംഗ് ലുടാര പറഞ്ഞു. ഹരിയാന കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകളാണ് പരാതി നല്‍കിയത്.

സ്വകാര്യ സ്ഥാപനത്തിലെ ഡിജെയായി ജോലി ചെയ്യുന്ന യുവതി രാത്രി വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോള്‍ മറ്റൊരു കാറിലെത്തിയ വികാസും സുഹൃത്തും യുവതിയെ അസഭ്യം പറയുകയും കാര്‍ തടഞ്ഞു നിര്‍ത്തി ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഛണ്ഡീഗഡിലെ സെക്ടര്‍ 8 നിന്നും പഞ്ച്കുള ടൗണിലേക്ക് കാറില്‍ പോയ പെണ്‍കുട്ടിയെ എസ്യൂവില്‍ എത്തിയ പ്രതികള്‍ സെക്ടര്‍ 7 ഏരിയ മുതല്‍ പിന്‍തുടരുകയായിരുന്നു. പലവട്ടം വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് വാഹനത്തിന്റെ മുന്നിലേക്ക് കയറി തടസ്സം സൃഷ്ടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി വാഹനം നിറുത്തിയപ്പോള്‍ വികാസും സുഹത്തും കാറില്‍ നിന്ന് ഇറങ്ങി പെണ്‍കുട്ടിയുടെ വാഹനത്തിനടുത്തേക്ക് വന്നു. ഈ സമയം കൊണ്ട് പെണ്‍കുട്ടി കാറ് പിന്നിലേക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു.

SHARE