പൊല്ല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ വാഹനഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുത്; പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ നടപടിയുമായി സുപ്രീം കോടതി

ന്യുഡല്‍ഹി: വാഹനങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണം പിടിച്ചുകെട്ടാന്‍ സുപ്രീം കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ബദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവിറക്കിയത്. വാഹനങ്ങള്‍ക്ക് മലനീകരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

മലിനീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സെന്ററുകളില്‍ ഓള്‍ ഇന്ത്യ റിയല്‍ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ദേശീയ തലസ്ഥാന നഗരത്തിലെ എല്ലാ ഇന്ധന പമ്പുകളിലും പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സംവിധാനം വേണമെന്ന് കോടതി കേന്ദ്ര റോഡ് ഗതാഗത, ഉപരിതല ഗതാഗത മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി.

തലസ്ഥാനത്ത് മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങള്‍ നാലാഴ്ചയ്ക്കണം സ്ഥാപിക്കണമെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. പരിസ്ഥിതിവാദി എം.സി മേത്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

SHARE