ആ വാര്‍ത്ത തെറ്റ്.., മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കില്ല; കേന്ദ്ര സര്‍ക്കാരിന്റെ തിരുത്ത്

ന്യൂഡല്‍ഹി: ഒക്‌റ്റോബര്‍ ഒന്നുമുതല്‍ മരണ വിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന
റിപ്പോര്‍ട്ട് തിരുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനിടെയാണ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വാര്‍ത്തകള്‍ ഇന്നലെ മുതല്‍ പുറത്തുവന്നത്. രജിസ്ട്രാര്‍ ജനറല്‍ ഇന്ത്യ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍വരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തളളിയിരിക്കുകയാണ് കേന്ദ്രം. വെള്ളിയാഴ്ച രാത്രി വൈകിയാണ് നിര്‍ബന്ധമല്ലെന്ന കാര്യം അറിയിച്ചത്.
തിരിച്ചറിയില്‍ രേഖയുടെ തിരിമറി തടയുന്നതിനു വേണ്ടിയാണ് മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നത്. കൂടാതെ മരിച്ച വ്യക്തിയെ സംബന്ധിച്ച ആധികാരികവും സുതാര്യവുമായ വിവരങ്ങള്‍ നിലനിര്‍ത്താന്‍ ഈ നടപടി സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഈ ഉത്തരവ് പിന്‍വലിച്ചത്.
ഒടുവില്‍ മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്. മരണം രജിസ്റ്റര്‍ ചെയ്യുന്നയാള്‍ക്ക് മരിച്ചയാളുടെ ആധാര്‍ നമ്പറോ ഇഐഡി നമ്പറോ അറിയില്ലെങ്കില്‍ തന്റെ അറിവില്‍ മരിച്ചയാള്‍ക്ക് ആധാര്‍ നമ്പര്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

SHARE