തുടക്കം മോശമായെങ്കിലും ബോള്‍ട്ട് കുതിച്ചു; ഒന്നാമത് തന്നെ എത്തി, ഇന്ന് സെമി, ഫൈനല്‍ നാളെ പുലര്‍ച്ചെ

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് കുതിപ്പ് തുടങ്ങി. പുരുഷന്‍മാരുടെ നൂറുമീറ്റര്‍ പ്രാഥമിക റൗണ്ടില്‍ 10.07 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ ജമൈക്കന്‍ താരം സെമിയിലേക്ക് യോഗ്യത നേടി. തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു ബോള്‍ട്ട്. ജമൈക്കയുടെ ജൂലിയന്‍ ഫോര്‍ട്, അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന്‍ ഗാട്‌ലിന്‍, ക്രിസ്റ്റ്യന്‍ കോള്‍മാന്‍ എന്നിവരും ഹീറ്റ്‌സിലെ ജേതാക്കളായി സെമിയിലെത്തി. ഇന്നുരാത്രി ഇന്ത്യന്‍ സമയം 11.30നാണ് 100 മീറ്റര്‍ സെമിഫൈനല്‍ മല്‍സരങ്ങള്‍. നാളെ പുലര്‍ച്ചെ 2.15നാണ് ഫൈനല്‍.
മൂന്നാംഹീറ്റ്‌സില്‍ മല്‍സരിച്ച ജൂലിയന്‍ ഫോര്‍ട്ടിന്റേതാണ് ആദ്യ റൗണ്ടിലെ മികച്ച സമയം (9.99 സെക്കന്‍ഡ്). രണ്ടാം ഹീറ്റ്‌സിലോടിയ ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക് ജപ്പാന്‍ താരം അബ്ദുല്‍ ഹക്കീം ബ്രൗണിനു പിന്നില്‍ രണ്ടാമതായി. ഇത്തവണത്തെ ലോക ചാംപ്യന്‍ഷിപ്പിനുശേഷം ലോകകായിക വേദിയോടു വിടപറയുന്ന ഉസൈന്‍ ബോള്‍ട്ട് ചരിത്ര വിടവാങ്ങലാണ് ലക്ഷ്യമിടുന്നത്. 200 മീറ്ററില്‍ നിന്നു പിന്‍മാറിയിയ ബോള്‍ട്ട് ലണ്ടനില്‍ 100 മീറ്ററിലും 4–x100 മീറ്റര്‍ റിലെയിലുമാണ് മല്‍സരിക്കുന്നത്.

SHARE