രാജിവയ്ക്കുന്നതിന് 10 മിനിറ്റ് മുന്‍പ് നിതീഷ് ലാലുവിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു…

പാട്ന: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ് ആര്‍ജെഡി സഖ്യം വിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാജിവെക്കുന്നതിന് 10 മിനിറ്റ് മുമ്പ് നിതീഷ് കുമാര്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ വിളിച്ചിരുന്നതായി റിപ്പോര്‍ട്ട്. ‘ലാലുജി എന്നോട് ക്ഷമിക്കണം. 20 മാസം സര്‍ക്കാരിനെ മുന്നോട്ടുനയിച്ചു, ഇനി എനിക്ക് അതിന് കഴിയില്ല, ഞാന്‍ രാജിവെക്കാന്‍ പോകുകയാണ്’ ഇതായിരുന്നു നിതീഷിന്റെ വാക്കുകള്‍. തീരുമാനം പുന:പരിശോധിക്കണം എന്ന് ലാലു തിരികെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എന്‍ഡിടിവിയാണ് രാജിക്ക് 10 മിനിറ്റ് മാത്രം മുമ്പത്തെ ഫോണ്‍കോള്‍ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ഈ ഫോണ്‍സംഭാഷണത്തിന് ഏകദേശം 30 മിനിറ്റിനുള്ളില്‍ നിതീഷ് കുമാര്‍ ലാലു പ്രസാദും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം അവസാനിപ്പിച്ചു എന്ന വാര്‍ത്തകള്‍ വന്നുതുടങ്ങി. രാജിക്ക് പിന്നാലെ ബിജെപിയുമായി വീണ്ടും കൂട്ടുകെട്ടുണ്ടാക്കിയ നിതീഷ് കുമാര്‍ വെള്ളിയാഴ്ച സഭയില്‍ വിശ്വാസ വോട്ട് നേടുകയും ചെയ്തു.
243 അംഗ സഭയില്‍ 131 പേരുടെ പിന്തുണ നേടിയാണ് നിതീഷ് കുമാര്‍ വിശ്വാസം നേടിയത്. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി. ജെഡിയു ബിജെപി സഖ്യമന്ത്രിസഭയില്‍ മുന്‍പും ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി.

SHARE