ഗാലെ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍; അഞ്ചു വിക്കറ്റ് നഷ്ടമായ ശ്രീലങ്ക ഫോളോ ഓണ്‍ ഭീഷണിയില്‍

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 600 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചിന് 154 എന്ന നിലയിലാണ്. 54 റണ്‍സുമായി ആഞ്ചലോ മാത്യൂസ് ആറ് റണ്‍സുമായി ദില്‍റുവാന്‍ പെരേര എന്നിവരാണ് ക്രീസില്‍. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ലങ്കയ്ക്ക് ഇനി 247 റണ്‍സ് കൂടി വേണം.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 600 റണ്‍സിനാണ് അവസാനിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അരങ്ങേറ്റക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധശതകവും 30 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത ഷമിയുടെയും വെടിക്കെട്ടാണ് ഉച്ചഭക്ഷണത്തിന് ശേഷം കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ അനായാസം നയിച്ചത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് 153 റണ്‍ നേടിയ പുജാരയെയാണ് ആദ്യം നഷ്ടമായത്. 57 റണ്‍സെടുത്ത രഹാനെ അധികം വൈകാതെ തന്നെ കൂടാരം കയറി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ആര്‍ അശ്വിന്‍ 47 റണ്‍ സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ 16 റണ്‍സ് എടുത്തു.

SHARE