രാജിവച്ച് 14 മണിക്കൂറിനുള്ളില്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രി

പട്‌ന: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച വൈകിട്ട് രാജിവച്ച നിതീഷ് നേരം ഇരുട്ടിവെളുത്തപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി. എന്‍ഡിഎയുടെ പിന്തുണയോടെയാണു ജെഡിയു നേതാവായ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി. ഗവര്‍ണറുടെ ചുമതലയുള്ള കേസരി നാഥ് ത്രിപാഠി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജെഡിയു -ബിജെപി സഖ്യമന്ത്രിസഭയില്‍ മുന്‍പും ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി. ബിജെപി ഇടക്കാല തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും ജെഡിയുവിന് ഉപാധികളില്ലാതെ പിന്തുണ നല്‍കുന്നതു പരിഗണനയിലാണെന്നും സുശീല്‍ കുമാര്‍ മോദി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയെയും അഭിനന്ദിച്ച നരേന്ദ്ര മോദി, ബിഹാറിന്റെ സമൃദ്ധിക്കും പുരോഗതിക്കുംവേണ്ടി ഒരുമിച്ചുനില്‍ക്കാമെന്നു വാഗ്ദാനം ചെയ്തു.

SHARE