മികച്ച സിനിമാഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പുസ്തകം കോപ്പിയടി; ജൂറി അധ്യക്ഷന്‍ കെ.ജയകുമാറിന്റെ റിപ്പോര്‍ട്ട് മുക്കി ചലച്ചിത്ര അക്കാദമി

കോട്ടയം: പോയവര്‍ഷത്തെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പുസ്്തകത്തില്‍ കോപ്പിയടിയെന്ന് റിപ്പോര്‍ട്ട്. ഡോ. അജു കെ.നാരായണന്‍, ചെറി ജേക്കബ് എന്നിവര്‍ രചിച്ച സിനിമ മുതല്‍ സിനിമ വരെ- ചലച്ചിത്ര സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ 40 ശതമാനം ലേഖനങ്ങളും മൗലികമല്ലെന്ന് ജൂറി അധ്യക്ഷന്‍ മലയാളം സര്‍വകലാശാ വൈസ് ചാന്‍സിലര്‍ കൂടിയായ കവി കെ.ജയകുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുക്കിയ സാംസ്‌കാരിക വകുപ്പ് പുസ്തകത്തില്‍ കോപ്പിയടിയില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടി.

അവാര്‍ഡിനര്‍ഹമായ പുസ്തകത്തിലെ അഞ്ചു ലേഖനങ്ങള്‍ 2012ല്‍ ഇതേ ലേഖകര്‍ പ്രസിദ്ധീകരിച്ച പലവക സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നെടുത്തിട്ടുള്ളതാണെന്നും അതില്‍ സിനിമയിലെ നിറങ്ങളുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍ എന്ന ലേഖനം 2012ല്‍ മികച്ച ലേഖനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതാണെന്നും കാണിച്ച് തിരുവനന്തപുരത്തെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് കെ.ജയകുമാറിന്റെ ഈ നിരീക്ഷണം. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ കെ.ജയകുമാര്‍ അധ്യക്ഷനായി സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സാംസ്‌കാരിക വകുപ്പ് മുക്കിയത്.

അവാര്‍ഡ് നിയമാവലിയിലെ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചതെന്ന് ചലച്ചിത്ര അക്കാദമിയുടെ സ്‌ക്രൂട്ടിനിങ് കമ്മിറ്റി ഉറപ്പാക്കിയ രചനകളാണ് സാധാരണ ജൂറിക്കുമുന്നിലെത്തുക. പുസ്തകം കോപ്പിയടിയല്ലെന്ന സത്യവാങ്മൂലവും എഴുത്തുകാര്‍ ഇതിനൊപ്പം സമര്‍പ്പിക്കുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചട്ടങ്ങളനുസരിച്ച് തര്‍ജ്ജമ, സമാഹാരം, സംഗ്രഹം, എഡിറ്റ് ചെയ്തത് തുടങ്ങിയ പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും, മറ്റു പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തിയതോ പുനഃപ്രസിദ്ധീകരണങ്ങളോ ആയ പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും അര്‍ഹതയുണ്ടാവില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ കാര്യമേ പരാമര്‍ശിക്കുന്നുമില്ല. ഈ വ്യവസ്ഥകള്‍ പ്രകാരം പ്രഥമദൃഷ്ട്യാ തന്നെ പരിഗണനാര്‍ഹമല്ലാത്ത പുസ്തകം എങ്ങനെ ജൂറിക്കുമുന്നിലെത്തി എന്നതിലും ദുരൂഹതയുണ്ട്.

തുടര്‍ന്ന് ചലച്ചിത്ര അക്കാദമി കൈമാറുന്ന എന്‍ട്രികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചവയാണെന്ന വിശ്വാസത്തിലാണ് ജൂറി തീരുമാനമെടുക്കുന്നത്. ഇതിലാണ് തിരിമറി നടന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ഗ്രന്ഥകര്‍ത്താക്കളില്‍ നിന്നു ചോദിച്ചു വാങ്ങിയ വിശദീകരണക്കുറിപ്പില്‍ അവര്‍ തങ്ങളുടെ രചന മൗലികമാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്നും സാക്ഷ്യപ്പെടുത്തിയെന്നൊരു വിചിത്ര ന്യായവും അക്കാദമി നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.

SHARE