ദിലീപ് കൈക്കൂലിയായി 20 ലക്ഷം രൂപ നല്‍കി : ഡി-സിനിമാസ് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. ചാലക്കുടി നഗരസഭയാണ് ഇത് സംബന്ധിച്ച് ശിപാര്‍ശ ചെയ്തത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിനായി അന്ന് നഗരസഭ ഭരിച്ചിരുന്ന യുഡിഎഫ് ഭരണസമിതി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്നും ആരോപണങ്ങളുണ്ട്. 5 ലക്ഷം ടൗണ്‍ ഹാള്‍ നിര്‍മാണത്തിന് ദിലീപ് സംഭാവന നല്‍കിയെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍. 20 ലക്ഷം രൂപ ദിലീപ് കൈക്കൂലി നല്‍കിയതായും എല്‍ഡിഎഫ് ആരോപണം.ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്താനാണ് നഗരസഭാ ഭരണസമിതിയുടെ ശിപാര്‍ശ.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസ് ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ചാലക്കുടിയില്‍ ഡി-സിനിമാസ് നിര്‍മിക്കുന്നതിനായി ഒരേക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുവാനാണ് ഉത്തരവ്. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറന്‌പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചപ്പോള്‍ സംഭവം അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു തൃശൂര്‍ ജില്ലാ കളക്ടറോടു ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. എന്നാല്‍, ഉന്നതതല സമ്മര്‍ദത്തെ തുടര്‍ന്നു തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നിരിക്കുന്നത്.

SHARE