നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിന്റെ മൊഴി എടുത്തു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, നടന്‍ ദിലീപിന്റെ സുഹൃത്തായ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
അന്‍വര്‍ സാദത്തിന്റേയും പിടി തോമസ് എംഎല്‍എയുടേയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് ആദ്യമേ അറിയിച്ചിരുന്നുവെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് മുകേഷിന്റെ മൊഴിയും രേഖപ്പെടുത്തിയത്.
എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴി എടുത്തത്. മുകേഷിന്റെ മുന്‍െ്രെഡവര്‍ കൂടിയായ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകേഷില്‍ നിന്ന് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.
നടന്‍ ദിലീപുമായി അന്‍വര്‍ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പോലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ആരാഞ്ഞു.
നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പള്‍സര്‍ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം അന്‍വര്‍ സാദത്തില്‍ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആണ് ഇരുവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയത്.
സംഭവദിവസം ആക്രമണം കഴിഞ്ഞ ശേഷം പള്‍സര്‍ സുനിയും സംഘവും നടിയെ ഉപേക്ഷിച്ചത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു. ലാല്‍ വിവരമറിയിച്ച പ്രകാരം ഇവിടെ ആദ്യമെത്തിയവരില്‍ ഒരാളായ തൃക്കാക്കര എംഎല്‍എ പിടി തോമസില്‍ നിന്നും അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കുന്നുണ്ട്.

SHARE