പീഡോഫൈല്‍സ് ജാഗ്രതൈ… കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്കു താഴുവീഴുന്നു; രാജ്യത്തുടനീളം നിരോധനത്തിനു സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍ തടയാന്‍ വ്യാപകമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ അറിയിച്ചു. അത്തരം 3,522 സൈറ്റുകള്‍ കഴിഞ്ഞമാസം നിരോധിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ഇത്തരം സൈറ്റുകള്‍ ലഭിക്കാതിരിക്കാനുള്ള ജാമറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സി.ബി.എസ്.ഇയോട് ആവശ്യപ്പെടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഇക്കാര്യം അറിയിച്ചത്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ നിരോധിക്കാന്‍ വേണ്ട നടപടികളെടുത്തതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പിങ്കി ആനന്ദ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

രാജ്യത്തുടനീളം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

SHARE