ചരക്ക് സേവന നികുതി വന്നത് കെടിഎം ഡ്യൂക്ക് അറിഞ്ഞില്ല; എല്ലാ മോഡലുകളുടെയും വില കുത്തനെ കൂട്ടി

ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോട് കൂടി, വാഹന വിപണിയിലെ സമവാക്യങ്ങള്‍ മാറി തുടങ്ങിയിരിക്കുകയാണ്. ടൂവീലര്‍ വിപണിയില്‍ ജിഎസ്ടി നിര്‍ദ്ദേശങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്. 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകള്‍ക്ക് മേല്‍ ഒരു ശതമാനം അധിക നികുതി ചുമത്തുമ്പോള്‍, 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ടൂവീലറുകള്‍ക്ക് രണ്ട് ശതമാനം നികുതിയിളവ് ലഭിക്കും.

അപ്പോള്‍ കെടിഎം RC 200, ഡ്യൂക്ക് 200, ഡ്യൂക്ക് 250 മോഡലുകളുടെ വില കുറയേണ്ടത് അല്ലേ? പക്ഷെ, ജിഎസ്ടി പശ്ചാത്തലത്തില്‍ കെടിഎം ചെയ്തതോ, മുഴുവന്‍ മോഡല്‍ ലൈനപ്പിന്റെയും വില കുത്തനെ വര്‍ധിപ്പിച്ചു. മോഡലുകളില്‍ 5797 രൂപ വരെ വര്‍ധിപ്പിച്ച കെടിഎം ഇന്ത്യയുടെ നടപടിക്ക് കാരണം ഇപ്പോഴും വ്യക്തമല്ല. അതേസമയം, 2017 ഡ്യൂക്ക് 390 യ്ക്കാണ് കെടിഎം ഏറ്റവും കുറഞ്ഞ വിലവര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

2017 കെടിഎം ഡ്യൂക്ക് 390 യില്‍ നാമമാത്രമായ 628 രൂപയുടെ വര്‍ധനവാണ് കെടിഎം സ്വീകരിച്ചിരിക്കുന്നത്. കെടിഎം നിരയില്‍ ഞഇ 390 യ്ക്കാണ് 5797 രൂപയുടെ ഏറ്റവും ഉയര്‍ന്ന വിലവര്‍ധന ലഭിച്ചിരിക്കുന്നതും. വിലവര്‍ധനവില്‍ പ്രതിഫലിക്കുന്ന ഏറ്റക്കുറച്ചിലിന് കാരണം, കെടിഎം ഇതുവരെയും വിശദീകരിച്ചിട്ടില്ല. അടുത്തിടെ പ്രീമിയം ടാഗോടെ അവതരിപ്പിച്ച 2017 ഡ്യൂക്ക് 390 യില്‍ ഇനിയൊരു വര്‍ധനവ് കെടിഎം ആഗ്രഹിക്കാത്തതാകാം ഏറ്റവും കുറഞ്ഞ വിലവര്‍ധനവ് മോഡലിന് ലഭിച്ചത്.

പക്ഷെ, ഇവിടെ ശ്രദ്ധിക്കേണ്ടത് മറ്റൊന്നാണ്. കെടിഎം നിരയില്‍ 200, 250 സിസി മോഡലുകള്‍ക്ക് വില കുറയേണ്ടിടത്ത് കമ്പനി അപ്രതീക്ഷിതമായി വില വര്‍ധിപ്പിച്ചു. ഇതാദ്യമായാണ് കെടിഎം 250 ഡ്യൂക്ക്, 390 ഡ്യൂക്ക് മോഡലുകള്‍ക്ക് വില വര്‍ധിക്കുന്നതും.

SHARE