നെസ്ലേ, റിലയന്‍സ് പാല്‍പ്പൊടിയില്‍ കാസ്റ്റിക്ക് സോഡയും ബ്ലീച്ചിങ്ങ് പൗഡറും; ആരോപണങ്ങളുമായി തമിഴ്‌നാട് ക്ഷീര വികസന മന്ത്രി

ചെന്നൈ: നെസ്ലേ, റിലയന്‍സ് എന്നീ ബ്രാന്‍ഡുകളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തമിഴ്‌നാട് ക്ഷീര വികസന കോര്‍പ്പറേഷന്‍ മന്ത്രി കെടി രാജേന്ദ്ര ബാലാജി. പാല്‍ മോശമാകാതിരിക്കാന്‍ സ്വകാര്യകമ്പനികള്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയെന്നും ബാലാജി വ്യക്തമാക്കി.

ഒരാഴ്ച്ച മുന്‍പ് പ്രൈവറ്റ് കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന പാല്‍പ്പൊടി കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന പാല്‍ കഴിച്ചാല്‍ ക്യാന്‍സറിനുപുറമെ വാതം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവയുണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ബോധവത്കരണമുണ്ടാക്കാന്‍ സംസ്ഥാനം മുഴുവന്‍ പ്രചാരണം നടത്തും. വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ പാല്‍ 15 ദിവസംവരെ മോശമാകാതിരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിതരണംചെയ്യുന്ന ആവിന്‍ പാല്‍ മാത്രമാണ് ജനങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.

തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ചതിന് മന്ത്രിക്കെതിരെ പ്രൈവറ്റ് കമ്പനികള്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ചെന്നൈയിലെ സെന്‍ട്രലയിസിഡ് ലാബില്‍ ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്ത വിവരവുമായി മന്ത്രി പത്രസമ്മേളനം വിളിച്ചത്. നെസ്ലേയുടേയും റിലയന്‍സിന്റേയും പാല്‍ പൊടി ഉത്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നത് തെളിഞ്ഞെന്നും പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് കമ്പനികളുടെ പാല്‍പ്പൊടി ഉത്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

SHARE