മറ്റെല്ലാ മെട്രോകളെയും പിന്നിലാക്കി കൊച്ചിയുടെ കുതിപ്പ്; ആദ്യ ആഴ്ചയിലെ വരുമാനത്തിലും യാത്രക്കാരിലും റെക്കോര്‍ഡ്‌

കൊച്ചി: വരുമാനക്കണക്കില്‍ രാജ്യത്തെ മറ്റെല്ലാ മെട്രോകളെയും പിന്നിലാക്കി കൊച്ചി മെട്രോ കുതിക്കുന്നു. ഇന്ത്യയിലെ മറ്റെല്ലാ മെട്രോകളെയും അപേക്ഷിച്ച് ആദ്യ ഒരാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് കൊച്ചി മെട്രോ നേടിയതെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. സര്‍വീസ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ ആകെ 5,30,713 പേരാണ് മെട്രോയില്‍ യാത്രചെയ്തത്. ഇതിലൂടെ 1,77,54,002 രൂപ വരുമാനമായി ലഭിച്ചു.

ചെറിയ പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച ജനകീയമായി യാത്ര നടത്തിയ മെട്രോ നേടിയത് 34 ലക്ഷം രൂപ. ഒരാഴ്ച കൊണ്ട് 5.3 ലക്ഷം പേര്‍ യാത്ര ചെയ്ത കൊച്ചി മെട്രോ ഇതിനിടെ നേടിയത് 1.77 കോടി രൂപയാണ്. ഇത് ഇന്ത്യയിലെ മറ്റേത് മെട്രോയേക്കാളും ഉയര്‍ന്ന കളക്ഷനാണ്. ആദ്യ ആഴ്ചത്തെ സര്‍വ്വീസില്‍ ഇന്ത്യയില്‍ മറ്റൊരു മെട്രോയും ഇത്രയും രൂപ കളക്ഷന്‍ നേടിയിട്ടില്ല.

5,30,713 പേരാണ് ഈ ഒരാഴ്ചയ്ക്കിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ആകെ കളക്ഷനായി ലഭിച്ചത് 1,77,54,002 രൂപയും. ഇന്നലെ മാത്രം 98,713 പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. ഇതില്‍ നിന്ന് 34,13,752 രൂപയാണ് കൊച്ചി മെട്രോയുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഓരോ മിനുട്ട് ഇടവെട്ടുളള 219 സര്‍വീസുകള്‍ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും.

ഒരാഴ്ചക്കിടെ ഒരു ദിവസം ശരാശരി 66,340 പേര്‍ യാത്ര ചെയ്തതായിട്ടാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമേ ശരാശരി വരുമാനം 22,19,250 രൂപയുമാണ്. കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ വന്‍ ജനപിന്തുണയായിരുന്നു ലഭിച്ചത്. 20,42,740 രൂപയാണ് ആദ്യ ദിവസം മെട്രോ നേടിയത്.

SHARE