മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത ഫുക്‌സിംഗ് പറക്കും… ചൈനയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങി

ബീജിങ്: മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ ചൈനയില്‍ ഉദ്ഘാടനം ചെയ്തു. ‘ഫുക്‌സിംഗ്’ എന്നു പേരുള്ള ട്രെയിന്‍ ജൂണ്‍ 26ന് ബീജിംഗ് -ഷാങ്ഹായ് റൂട്ടില്‍ കന്നി യാത്ര നടത്തി. ഇരു സ്റ്റേഷനുകളില്‍ നിന്നും പ്രാദേശിക സമയം 11.05 നു പുറപ്പെട്ട ട്രെയിന്‍ കൃത്യസമയത്തു തന്നെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിയതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദിവസനേ അഞ്ച് ലക്ഷത്തിലേറെ യാത്ര ചെയ്യുന്ന ബീജിംഗ് -ഷാങ്ഹായ് ചൈനയിലെ തിരക്കേറിയ റൂട്ടാണ്.

ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌സ് (എമു) ഗണത്തിലുള്ള പുതിയ ബുള്ളറ്റ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 400 കിലോമീറ്ററാണ്. 350 കിലോമീറ്റര്‍ വേഗത സ്ഥിരമായി നിലനിര്‍ത്താന്‍ ഇതിനു കഴിയും. അസാധാരണമോ അപകടകരമോ ആയ സന്ദര്‍ഭങ്ങളില്‍ വേഗത കുറക്കുന്ന ഓട്ടോമാറ്റിക് സംവിധാനം ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ടെലിമെട്രി’ സംവിധാനത്തിലൂടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ട്രെയിനിനെ തത്സമയം നിരീക്ഷിക്കാന്‍ കഴിയും.

ചൈന റെയില്‍വേ കോര്‍പറേഷനാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനിന്റെ നിര്‍മാതാക്കള്‍. പൂര്‍ണമായും തദ്ദേശീയമായാണ് ഫുക്‌സിംഗിന്റെ നിര്‍മാണം.

SHARE