ഗോവിന്ദപുരം അംബേദ്കര്‍ കോളനിയില്‍ ചക്‌ലിയരും കൗണ്ടര്‍മാരും ഏറ്റുമുട്ടി; നിരവധിപേര്‍ ആശുപത്രിയില്‍

പാലക്കാട്: അയിത്ത പ്രശ്‌നം നിലനില്‍ക്കുന്ന ഗോവിന്ദപുരം അംബേദ്കര്‍ കോളനിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം. അടിപിടിയില്‍ പരിക്കേറ്റ ഇരു വിഭാഗത്തിലും പെട്ടവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാത്രി എട്ട് മണിയോടെയാണ് കോളനിക്കുള്ളില്‍ സംഘര്‍ഷം തുടങ്ങിയത്.

കോളനിക്കുള്ളില്‍ ചക്ലിയര്‍ താമസിക്കുന്ന അവരുടെ ക്ഷേത്ര പരിസരത്തേക്ക് മദ്യപിച്ച് ഒരു യുവാവ് ബൈക്കില്‍ എത്തിയത് ചക്ലിയര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായി പറയുന്നത്. ബൈക്കിലെത്തിയ യുവാവ് ഈഴവ സമുദായത്തില്‍ ഉള്‍പ്പെട്ടയാളാണെങ്കിലും ഇയാളെ കൗണ്ടര്‍ പറഞ്ഞു വിടുകയായിരുന്നു എന്നാണ് ആരോപണം. യുവാവിന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ കൗണ്ടര്‍മാര്‍ ഉള്‍പ്പെടുന്ന മറുവിഭാഗം ചക്ലിയരെ തിരിച്ചാക്രമിക്കുകയായിരുന്നു.

ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ എട്ട് ചക്ലിയര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ഏഴോളം കൗണ്ടര്‍മാരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. ഗോവിന്ദപുരം അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ കൗണ്ടര്‍മാരില്‍ നിന്ന് കടുത്ത അയിത്തം നേരിടുന്നതായി പരാതിയുണ്ട്.

SHARE