അണ്ടര്‍വാട്ടര്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി; കൊച്ചിയില്‍ മെട്രോ ഓടിത്തുടങ്ങിയപ്പോള്‍ നദിക്കടിയിലൂടെ മെട്രോ ടണല്‍ നിര്‍മിച്ച് പശ്ചിമ ബംഗാള്‍

കോല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ജലാന്തര്‍ മെട്രോ ടണലിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഹൗറയെയും കോല്‍ക്കത്തയെയും ബന്ധിപ്പിക്കുന്നതിനായുള്ള ടണല്‍ ഹൂഗ്ലി നദിയുടെ അടിയിലൂടെയാണ് നിര്‍മിക്കുന്നത്. 1984ല്‍ ഇന്ത്യയില്‍ ആദ്യമായി മെട്രോ ഓടിയതും കോല്‍ക്കത്തയിലാണ്.

കോല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പറേഷന്‍ നിര്‍മിച്ചിരിക്കുന്ന പാതയുടെ 10.8 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 16.4 കിലോമീറ്ററാണ് പാതയുടെ മൊത്തം നീളം. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ടണലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വടക്കുകിഴക്കന്‍ മെട്രോയ്ക്ക് വേണ്ടി 9,000 കോടി രൂപ ചെലവഴിച്ചാണ് ടണല്‍ നിര്‍മിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ വരുന്നതിനും പോകുന്നതിനുമായി രണ്ടു ടണലുകളാണ് നിര്‍മിച്ചിരിക്കുന്നത്. നദീതടത്തില്‍നിന്ന് 13 മീറ്ററും ഉപരിതലത്തില്‍നിന്ന് 30 മീറ്ററും താഴ്ന്നാണ് ടണലിന്റെ നിര്‍മാണമെന്ന് കെഎംആര്‍സി എംഡി സതീഷ് കുമാര്‍ പറഞ്ഞു.

പണിപൂര്‍ത്തിയാക്കാനായുള്ള സമയം ഇനിയും ശേഷിച്ചിരിക്കെയാണ് വളരെ നേരത്തെ ടണല്‍ നിര്‍മാണം പൂര്‍ത്തിയായത്. ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. 12 സ്റ്റേഷനുകളാണ് നിര്‍ദിഷ്ട മെട്രോയിലുള്ളത്. ഇതില്‍ പകുതിയും ഭൂമിക്കടിയിലാണ്. 2019 ഡിസംബറില്‍ മെട്രോ കമ്മിഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SHARE