കന്നിയാത്ര ആഘോഷമാക്കി ഉമ്മന്‍ ചാണ്ടിയും സംഘവും; കൊച്ചി മെട്രോയില്‍ തകര്‍ന്നത് ലക്ഷങ്ങളുടെ സംവിധാനങ്ങള്‍

കൊച്ചി: നേതാക്കളുടെ കന്നി മെട്രോയാത്ര ആഘോഷമാക്കാന്‍ തള്ളിക്കയറിയ കോണ്‍ഗ്രസുകാര്‍ നിരവധി സ്റ്റേഷനുകളിലെ സംവിധാനങ്ങള്‍ തകര്‍ക്കുകയും മെട്രോ സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ യുഡിഎഫ് സംഘം നടത്തിയ യാത്രയിലാണ് മെട്രോ സര്‍വീസ് താറുമാറാക്കും വിധം അതിക്രമങ്ങള്‍ അരങ്ങേറിയത്. സംഭവം അന്വേഷിക്കാന്‍ കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. മൂന്നുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മെട്രോ അധികൃതര്‍ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോദിക്കും.

ചൊവ്വാഴ്ച യുഡിഎഫ് പ്രവര്‍ത്തകരുടെ തള്ളിക്കയറ്റത്തില്‍ നിരവധി സ്റ്റേഷനുകള്‍ക്ക് കേടുപാടു സംഭവിച്ചു. പ്രവേശന കൗണ്ടറിലെ ക്രോസ്ബാറുകള്‍ തകര്‍ത്തു. എസ്‌കലേറ്റര്‍ കേടാക്കി. സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റല്‍ ഡിറ്റക്ടറുകള്‍ തിരക്കില്‍ ഇളകിയാടി. ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ തുറന്നുവയ്‌ക്കേണ്ടിവന്നു. പ്രവര്‍ത്തകര്‍ ഇടിച്ചുകയറിയതോടെ എസ്‌കലേറ്ററുകള്‍ സ്തംഭിച്ചു. സുരക്ഷാ പരിശോധനകള്‍ ഒന്നുമില്ലാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ മെട്രോ സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. അപകടകരമായ രീതിയില്‍ പ്‌ളാറ്റ്‌ഫോമില്‍വരെ തിരക്കും ബഹളവുമായി. തിരക്കിനിടെ പലരും പ്‌ളാറ്റ്‌ഫോമിലെ മഞ്ഞവര മറികടന്ന് ട്രാക്കിനടുത്ത് എത്തിയത് കനത്ത അപകടഭീഷണി ഉയര്‍ത്തി.

സുരക്ഷാജീവനക്കാരുടെ നിര്‍ദേശം വകവച്ചില്ല. 925 പേര്‍ക്ക് കയറാവുന്ന മെട്രോയില്‍ 1500 പേര്‍ ഇടിച്ചു കയറി. ഇതില്‍ 200 പേര്‍ മാത്രമാണ് ടിക്കറ്റെടുത്തത്. സ്റ്റേഷനില്‍ മുദ്രാവാക്യംവിളി പാടില്ലെന്നാണ് ചട്ടം. ഇതു സൂചിപ്പിച്ച് തുടരെ അറിയിപ്പു നല്‍കിയെങ്കിലും ഒരുമണിക്കൂറോളം സ്റ്റേഷനുകളില്‍ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ചു.

SHARE