ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുക്കില്ല

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുക്കില്ല. യുവതിക്കെതിരെയും ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസിനെതിരെയും കേസെടുക്കുന്ന കാര്യത്തില്‍ ഇനി ക്രൈംബ്രാഞ്ചാണ് തീരുമാനമെടുക്കേണ്ടതെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

രണ്ട് ദിവസത്തിനകം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിയമോപദേശം തേടിയത്. എന്നാല്‍ പോലീസിനോട് യുവതിക്കെതിരെ പ്രത്യേക കേസെടുക്കേണ്ടെന്നായിരുന്നു നിയമോപദേശം ലഭിച്ചത്. നിലവില്‍ ഇപ്പോള്‍ ഗംഗേശാനന്ദയ്ക്കെതിരെ മാത്രമാണ് പോലീസില്‍ കേസുള്ളത്.

SHARE