ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്; മലയാളം മറന്നാല്‍ ഇനി പണി കിട്ടും..! സൂക്ഷിക്കുക

മലപ്പുറം: ഓഫീസുകളില്‍ മലയാളഭാഷ ഔദ്യോഗികമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രൂപവത്കരിച്ച ജില്ലാതല ഔദ്യോഗിക ഭാഷാസമിതി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

ഭാഷാ ഉപയോഗം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കളക്ടര്‍ ഉള്‍പ്പെട്ട ജില്ലാതലസമിതി തിരഞ്ഞെടുത്ത ജില്ല/സബ് ഓഫീസുകളില്‍ പരിശോധന നടത്തും. ഓഫീസ് നടപടികള്‍ മലയാളത്തിലാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഓഫീസിലെത്തുന്ന തപാലുകള്‍ ഇംഗ്ലീഷിലാണെങ്കിലും കുറിപ്പ് ഫയലുകള്‍ മലയാളത്തിലായിരിക്കണം. ഓഫീസിന്റെ പേര്, തസ്തികയുടെ പേര്, വാഹനത്തിന്റെ ബോര്‍ഡുകള്‍, സീലുകള്‍ എന്നിവ നിര്‍ബന്ധമായും മലയാളത്തിലും പ്രദര്‍ശിപ്പിക്കണം. എല്ലാ രജിസ്റ്ററുകളും മലയാളത്തിലാക്കണം.

ഹൈക്കോടതിയിലേക്കയയ്ക്കുന്ന കത്തുകള്‍, സംസ്ഥാനത്തിനു പുറത്തേക്കയയ്ക്കുന്ന കത്തുകള്‍ എന്നിവ ഇംഗ്ലീഷിലാകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇവയുടെ കുറിപ്പ് ഫയലുകള്‍ നിര്‍ബന്ധമായും മലയാളത്തിലായിരിക്കണം.

ജില്ലാ ഓഫീസര്‍മാര്‍ മാസത്തിലൊരിക്കല്‍ സബ് ഓഫീസുകള്‍ സന്ദര്‍ശിക്കുകയും നടപടികള്‍ നിരീക്ഷിക്കുകയും വേണം. അപാകത കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട്ചെയ്യണം. തങ്ങള്‍ക്ക് ലഭിക്കുന്ന കത്തുകള്‍ മലയാളത്തിലല്ലെങ്കില്‍ തിരിച്ചയച്ച് മലയാളത്തില്‍ തയ്യാറാക്കിനല്‍കാനും ആവശ്യപ്പെടാം.

ജില്ലാ ഓഫീസര്‍മാര്‍ മാസാന്ത്യറിപ്പോര്‍ട്ട് തൊട്ടടുത്ത മാസം അഞ്ചിനകം കളക്ടര്‍ക്ക് നല്‍കണം. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും മലയാളം കംപ്യൂട്ടിങ് പഠിച്ചിരിക്കണം. കംപ്യൂട്ടിങ് പരിശീലനം ആവശ്യമുള്ളവരുടെ പട്ടിക ജൂലായ് ഏഴിനകം നല്‍കണം. വകുപ്പുതല ജില്ലാതലസമിതി രണ്ടുമാസത്തിലൊരിക്കല്‍ കൂടി പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുന്നതിനും തീരുമാനമായി. എ.ഡി.എം ടി. വിജയന്‍ അധ്യക്ഷതവഹിച്ചു.

SHARE