പുതുവൈപ്പിന്‍ സമരം: പോലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം : പുതുവൈപ്പ് ജനകീയ സമരത്തിനെതിരെ നടന്ന പോലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി ടി.പി സെന്‍കുമാര്‍. കൊച്ചി സിറ്റി പോലീസ് കമ്മിഷണറാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് നടപടിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശിനോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസ് നടപടി വന്‍ വിവാദമായ പശ്ചാത്തലത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഈ മാസം 17, 19 തീയതികളിലാണ് സമരക്കാര്‍ക്കെതിരെ ക്രൂരമായ രീതിയില്‍ പോലീസ് പെരുമാറിയത്. പുതുവൈപ്പിന്‍ ഐഒസി പ്ലാന്റ് നിര്‍മിക്കുന്നതിന് എതിരെ നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ നഗരത്തില്‍ എത്തി പ്രതിഷേധം നടത്തിയിരുന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സമരക്കാരെ ലാത്തികൊണ്ടാണ് പോലീസ് നേരിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു.

SHARE