ആകാശമധ്യേ പിറന്നുവീണ കുഞ്ഞിന് ആജീവനാന്തം വിമാനത്തില്‍ സൗജന്യ യാത്ര !

മുംബൈ: ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവതി വിമാനത്തിനുള്ളില്‍ ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്. ദമാമില്‍നിന്നു കൊച്ചിയിലേക്കു വന്ന ജെറ്റ് എയര്‍വേസിന്റെ 9 ഡബ്‌ള്യു 569 വിമാനത്തിനുള്ളിലാണ് യുവതി പ്രസവിച്ചത്. 35000 അടി ഉയരത്തില്‍വെച്ചായിരുന്നു സുഖപ്രസവം.

യാത്രക്കിടെ യുവതിക്ക് പ്രസവവേദന കലശലാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കണോമി ക്ലാസിലായിരുന്ന യുവതിയെ ഫസ്റ്റ് കഌസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. യാത്രക്കാരിയായി ഒരു നഴ്‌സായിരുന്നു യുവതിക്ക് പ്രസവിക്കാനുള്ള സഹായം നല്‍കിയത്. ആകാശമധ്യേ പിറന്നുവീണ കുഞ്ഞിനെയും അമ്മയെയും മുംബൈയില്‍ ഇറക്കിയ ശേഷം ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ജെറ്റ് എയര്‍വേസ് പത്രക്കുറിപ്പില്‍ അറിയിച്ചു. യുവതിക്കും കുഞ്ഞിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെങ്കിലും യാത്രതുടരുന്നത് സുരക്ഷിതല്ലാത്തതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.

യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. അതിനാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിമാനത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വലിയ വിമാനക്കമ്പനികള്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കാറുണ്ട്.

SHARE