മാംസാഹാരം കഴിക്കരുത്, സെക്‌സ് വേണ്ട.. ഗര്‍ഭിണികളെയും വെറുതെ വിടാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശമില്ല

ന്യൂഡല്‍ഹി: മാംസാഹാരം കഴിക്കരുത്, ഗര്‍ഭിണിയായതിന് ശേഷം ലൈംഗിക ബന്ധം പാടില്ല, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം, ആത്മീയ ചിന്തകളില്‍ മുഴുകണം എന്നിങ്ങനെ പോകുന്നു ഗര്‍ഭിണികള്‍ക്കുള്ള ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍. കേന്ദ്ര ആയുഷ് മന്ത്രി ശ്രിപദ് നായിക് അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് മുന്നോടിയായി പുറത്തിറക്കിയ ബുക്ക് ലെറ്റിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്.

ആരോഗ്യമുള്ള കുഞ്ഞിനായി ഇന്ത്യയിലെ ഗര്‍ഭിണികള്‍ പാലിക്കേണ്ട നിഷ്ഠകള്‍ അക്കമിട്ട് നിരത്തുന്നുണ്ട് ബിജെപി സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം. മദര്‍ ആന്റ് ചൈല്‍ഡ് കെയര്‍ ബുക്ക്‌ലെറ്റ് പുറത്തുവിട്ടത് മന്ത്രി ശ്രീപാദ് നായ്ക്കാണ്. ഇന്ത്യയുടെ പരമ്പരാഗതമായ ആരോഗ്യാനുഷ്ഠാനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും യോഗാ ദിനത്തിന് മുന്നോടിയായി ഗവണ്‍മെന്റ് ഫണ്ട് ചെയ്യുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ റോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ചുറോപതി പറയുന്നു.

നല്ല കുഞ്ഞുങ്ങള്‍ക്കായി മുറിയില്‍ മനോഹരമായ ചിന്ത്രങ്ങള്‍ തൂക്കണമെന്നും അമ്മ ഇത് കാണുമ്പോള്‍ ആഹ്ലാദചിത്തയാകുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുണം ചെയ്യുമെന്നും ബുക്ക്‌ലെറ്റ് പറയുന്നു.

യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭിണികളില്‍ മാംസ്യത്തിന്റെ കുറവ് നവജാതശിശുക്കളില്‍ പോഷമകുറവിനും വിളര്‍ച്ചക്കും കാരണമാകും. മാംസ്യവും ഇരുമ്പും ലഭിക്കുന്നതിനുള്ള സ്വാഭാവിക ഭക്ഷണങ്ങളാണ് മാംസ വിഭവങ്ങളെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

SHARE