ഇന്ന് ഇന്ത്യ ജയിക്കാന്‍ സാധ്യതയില്ലെന്ന് ഗവാസ്‌കര്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നടക്കാനിരിക്കുന്ന നിര്‍ണായക ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് സാധ്യത കൂടുതലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. പൂര്‍വകാല ചരിത്രംവെച്ചു നോക്കിയാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷവെയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നും ഗാവസ്‌കര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
തീര്‍ച്ചയായും ഈ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തന്നെയാണ് ഫേവറൈറ്റുകള്‍. കാരണം രണ്ട് വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കാനെത്തിയപ്പോള്‍ അവര്‍ നമ്മളെ തൂത്തൂവാരുന്നത് കണ്ടതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നതില്‍ വലിയ അര്‍ഥമില്ല. ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി തന്റെ വിലയിരുത്തല്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ അതില്‍ ഏറെ സന്തോഷമോയുള്ളൂവെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരെ കളിച്ചതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്താലെ ഇന്ത്യക്കിന്ന് ജയിക്കാനാവൂ. പാകിസ്താന്‍ സ്പിന്നര്‍മാര്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയതുപോലെ നമ്മുടെ സ്പിന്നര്‍മാര്‍ക്ക് കഴിയണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരകളില്‍ സമീപകാലത്ത് ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 20092010ലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഏകദിന പരമ്പര ജയിച്ചത്. ഇതിനുശേഷം 20102011, 20132014, 20152016 വര്‍ഷങ്ങളിലെല്ലാം പരസ്പരം കളിച്ചപ്പോള്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു. ഈ ചരിത്രം വെച്ചാണ് ഗാവസ്‌കറുടെ വിലയിരുത്തല്‍.

SHARE