ആറ് മാസം 63 ഹര്‍ത്താല്‍, കേരളം റെക്കോഡില്‍, ഈമാസം 10 ദിവസത്തിനുള്ളില്‍ 10 എണ്ണം

കൊച്ചി: ഹര്‍ത്താലുകള്‍ നടത്തുന്ന കാര്യത്തില്‍ കേരളം റെക്കോഡിട്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് ആറ് മാസം ആകുമ്പോഴേക്കും കൊണ്ട് 63 ഹര്‍ത്താലുകളാണ് നടത്തിയിരിക്കുന്നത്.
2017 ജനുവരി ഒന്നു മുതല്‍ ഇന്നു (2017 ജൂണ്‍ 10) വരെയുള്ള 161 ദിവസങ്ങള്‍ക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ചേര്‍ന്ന് ചെറുതും വലുതുമായ 63 ഹര്‍ത്താലുകള്‍ നടത്തിയത്. കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും സംഘപരിവാര്‍ സംഘടനകളും കുമളിയില്‍ കോണ്‍ഗ്രസും ഇന്നും ഹര്‍ത്താല്‍ ‘ആചരിക്കുക’യാണ്.
ഈ വര്‍ഷം ഇതുവരെ ഇരുപത്തിയഞ്ചില്‍ അധികം ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച് സംഘപരിവാര്‍ സംഘടനകളാണ് കേരളത്തിന് ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യലില്‍ മുന്നില്‍. ഭരണകക്ഷിയാണെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും പതിനൊന്ന് ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച് വ്യക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പ്രതിപക്ഷത്തുള്ള ‘ഹര്‍ത്താല്‍ വിരുദ്ധ’രായ യുഡിഎഫും എട്ടു ഹര്‍ത്താലുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
ഈ മാസം മാത്രം ഇന്നുവരെ 10 ഹര്‍ത്താലുകളായി. ഇതില്‍ ആറും സംഘപരിവാര്‍ വക. ഏഴിന് കാട്ടാക്കടയില്‍ ഹര്‍ത്താല്‍ ആചരിച്ച ബിജെപി എട്ടിന് തിരുവനന്തപുരം ജില്ല, ചേര്‍ത്തല നഗരസഭ, ബേപ്പൂര്‍ നിയസഭാ മണ്ഡലം, എന്നിവിടങ്ങളില്‍ ഒറ്റദിവസം ഹര്‍ത്താല്‍ സംഘടിപ്പിച്ചു.
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരേയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ആറിന് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഹര്‍ത്താലും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതിഷേധ സൂചകമായി സംഘടിപ്പിക്കുന്ന ഹര്‍ത്താലുകളുടെ എണ്ണം പെരുകിയതോടെ കടുത്ത പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ ജനങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ ഹര്‍ത്താല്‍ പരമ്പരയാണ് അരങ്ങേറുന്നത്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ചുള്ള സമരപരമ്പരകളാണ് പലയിടത്തും ഹര്‍ത്താലിലേക്ക് നയിച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ആകെ താറുമാറാക്കുകയാണ്. വിവിധ പരീക്ഷകള്‍ക്കായി എത്തേണ്ടവര്‍ പലയിടത്തും കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ പോയാല്‍ ഇനിയുള്ള ആറുമാസംകൊണ്ട് എത്ര ഹര്‍ത്താല്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ജനങ്ങള്‍ ആശങ്കയോടെ ആലോചിക്കുന്നത്.

SHARE