മെസി സൂപ്പര്‍ താരമായിരിക്കുന്ന ബാഴ്സയില്‍ നിന്ന് നെയ്മറെ കൂടുമാറ്റാനൊരുക്കി പിതാവ്…

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ എംഎസ്എന്‍ ത്രയത്തിലെ ഒരു താരമായ നെയ്മര്‍ ക്ലബ് വിടുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ആശങ്കയറിച്ചു. നെയ്മറുടെ അഭാവത്തില്‍ ‘എംഎസ്എന്‍’ സഖ്യത്തിനുണ്ടാകുന്ന വിടവ് ബാഴ്‌സയുടെ മുന്നോട്ട് പോക്കിനെ തന്നെ ബാധിക്കുമെന്നാണ് മെസി ചൂണ്ടിക്കാട്ടുന്നത്.

നെയ്മറുടെ പിതാവാണ് താരത്തെ ബാഴ്‌സ വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ലയണല്‍ മെസി സൂപ്പര്‍ താരമായിരിക്കുന്ന ബാഴ്‌സയില്‍ തുടരുന്നടുത്തോളം കാലം ഭാവി ശുഭകരമായിരിക്കില്ലെന്നാണ് പിതാവിന്റെ വാദമെന്ന് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് നെയമര്‍ക്ക് ഇപ്പോള്‍ ചേര്‍ന്ന ക്ലബെന്നാണ് പിതാവിന്റെ വിലയിരുത്തല്‍.

അതേസമയം, ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നെയ്മറിന് വേണ്ടി വമ്പന്‍ തുക മുടക്കാനും തയാറായേക്കും. യൂറോപ്പ ലീഗില്‍ ചാമ്പ്യന്‍മാരായതോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിച്ച യുണൈറ്റഡിന് സൂപ്പര്‍ താരങ്ങളെ സമീപിക്കാനുമുള്ള അവസരം കൈവന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നിര്‍ണായക ഘടകമാണ്.

ബാഴ്‌സയ്ക്ക് വേണ്ടി 44 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് നെയ്മര്‍ ഈ സീസണില്‍ സ്വന്തമാക്കിയത്. 2013ല്‍ ബ്രസീല്‍ ക്ലബ് സാന്റോസില്‍ നിന്നാണ് നെയമര്‍ ബാഴ്‌സയിലെത്തിയത്.

SHARE