കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പാക് ഹര്‍ജി

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആറാഴ്ചയ്ക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പാകിസ്താന്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
വ്യാഴാഴ്ച കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കും വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടത്.
കേസില്‍ ഇടപെടാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് വിലയിരുത്തിയ കോടതി പാകിസ്താന്‍ കേസില്‍ തിടുക്കം കാണിക്കുന്നതായും കുറ്റപ്പെടുത്തിയിരുന്നു. കോടതി വിധി അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് കനത്ത തിരിച്ചടിയായിരുന്നു.
കേസിലെ പരാജയത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ ആക്രമണം ഉണ്ടായതോടെയാണ് പാക് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേസ് അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന വാദവും പാകിസ്താന്‍ ഉന്നയിച്ചിട്ടുണ്ട്. നേരത്തേ ഈ വാദം കോടതി തള്ളിയതാണ്.
കേസില്‍ ഇതുവരെ വാദിച്ചിരുന്ന ഖവാര്‍ ഖുറേഷിയെ മാറ്റി പുതിയൊരു അഭിഭാഷക സംഘത്തെ നിയമിക്കുമെന്ന് പാകിസ്താന്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഖുറേഷി വീണ്ടും ഹാജരായേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

SHARE