ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറു മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി.
ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനെ അറിയിച്ചു. ഇതോടെ ശിക്ഷയില്‍ സുപ്രീംകോടതിയില്‍ നിന്നും കര്‍ണന് ഇളവ് ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
ജഡ്ജിമാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ മെയ് ഒമ്പതിനാണ് ഏഴംഗ സുപ്രീംകോടതി ബെഞ്ച് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കര്‍ണന് ശിക്ഷ വിധിച്ചത്. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്.
ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിനും ജസ്റ്റീസ് ദീപക് മിശ്രയ്ക്കും എതിരെ ജസ്റ്റിസ് കര്‍ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് സുപ്രീംകോടതി രജിസ്ട്രി ഹര്‍ജി തള്ളാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരുണാചല്‍ മുഖ്യമന്ത്രിയായിരുന്ന കലികോ പുള്ളിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ വിധവ ജസ്റ്റിസ് ഖേഹറിനും ജസ്റ്റിസ് ദീപക് മിശ്രലയ്ക്കുമെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍, ഹര്‍ജി തള്ളാനുള്ള കാരണം സുപ്രീംകോടതി രജിസ്ട്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ശിക്ഷ വിധിച്ച് പത്തു ദിവസമായിട്ടും ജസ്റ്റിസ് കര്‍ണനെ ഇതുവരെ അറസ്റ്റു ചെയ്യാനായിട്ടില്ല. പോലീസ് അറസ്റ്റു ചെയ്യാനെത്തിയെങ്കിലും ജസ്റ്റിസ് കര്‍ണന്‍ കൊല്‍ക്കത്തയില്‍ നിന്നും കടക്കുകയായിരുന്നു.

SHARE