കുല്‍ഭൂഷന്‍ കേസില്‍ തിരിച്ചടി നേരിട്ടതില്‍ നവാസ് ഷെരീഫിനെതിരെ പാകിസ്താനില്‍ പ്രതിഷേധം

ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ കേസില്‍ തിരിച്ചടി നേരിട്ടതില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാകിസ്താനില്‍ പ്രതിഷേധം. കുല്‍ഭൂഷന്റെ വധശിക്ഷ റദ്ദാക്കിക്കൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന് വേണ്ടി വാദിക്കുന്ന അഭിഭാഷക സംഘത്തെ മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.

കേസിലെ അന്താരാഷ്ട്ര കോടതിയുടെ വിധി പാകിസ്താന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. നവാസ് ഷെരീഫ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വേണ്ടി പരാജയം സമ്മതിച്ചു കൊടുക്കുകയായിരുന്നെന്നും പ്രതിപക്ഷം ആരോപിച്ചു. അഭിഭാഷക സംഘത്തെ മാറ്റുന്നത് സംബന്ധിച്ച് പാകിസ്താന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. അതേസമയം ചില അഭിഭാഷകരെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ട്.

അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്തി പരിചയമുള്ള വിദേശ അഭിഭാഷകരെയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതേസമയം അന്താരാഷ്ട്ര കോടതിയുടെ വിധി കേസിനെ സ്വാധീനിക്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് സര്‍താജ് അസീസ് പറഞ്ഞു. അപ്പീല്‍ നല്‍കിയാല്‍ പാകിസ്താനിലെ കോടതികളില്‍ പോലും വധശിക്ഷയ്ക്ക് സ്റ്റേ ലഭിക്കുന്നതാണ്. അത് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും സര്‍താജ് അസീസ് പറഞ്ഞു.

SHARE