ഗര്‍ഭപാത്രമില്ലാതെ ജനിച്ച പെണ്‍കുട്ടിക്ക് അമ്മ സ്വന്തം ഗര്‍ഭപാത്രം നല്‍കി..!

പൂനെ: ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പൂനെയിലെ ഗ്യാലക്‌സി കെയര്‍ ലാപ്രോസ്‌കോപി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സോലാപുരില്‍ നിന്നുള്ള 21 വയസുകാരിയായ പെണ്‍കുട്ടിക്ക് അമ്മയാണ് ഗര്‍ഭപാത്രം നല്‍കിയത്.

ചികിത്സകള്‍ പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് സാധാരണ സ്ത്രീകളെ പോലെ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായത് മെഡിക്കല്‍ രംഗത്തെ പുതിയ ചുവടുവയ്പ്പാണെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.

വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. പെണ്‍കുട്ടി ആരോഗ്യവതിയായി തുടരുന്നുവെന്നും എന്നാല്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 11 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഒന്‍പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ പങ്കെടുത്തത്. ശസ്ത്രക്രിയയുടെ 80 ശതമാനവും താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് അമ്മയുടെ ഗര്‍ഭപാത്രം എടുത്തശേഷമാണ് ഓപ്പണ്‍ സര്‍ജറിയിലൂടെ പെണ്‍കുട്ടിയുടെ ശരീരത്ത് തുന്നിച്ചേര്‍ത്തത്.

SHARE