മഞ്ജു വാര്യരെ ചെങ്കല്‍ച്ചൂളയില്‍ ഗുണ്ടാസംഘം തടഞ്ഞില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്

മഞ്ജു വാര്യരെ തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ ചിത്രീകരണത്തിനിടെ ഗുണ്ടാസംഘം തടഞ്ഞുവച്ചതായും വധഭീഷണി മുഴക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തു. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിച്ച് ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബുധനാഴ്ച രാത്രി മഞ്ജുവിനെ ഗുണ്ടകള്‍ കത്തി കാട്ടി വധഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ചെങ്കല്‍ച്ചൂളയിലെ പ്രദേശവാസികളുടെ സമ്പൂര്‍ണ സഹകരണത്തിലാണ് ചിത്രീകരണം നടക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചെങ്കല്‍ച്ചൂള കോളനി നിവാസിയായ സുജാതാ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സിനിമ ഇവിടെ ചിത്രീകരണം തുടങ്ങിയത് മുതല്‍ വലിയ സഹകരണമാണ് കോളനിവാസികളില്‍ നിന്നുണ്ടായതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. ചിത്രീകരണവുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും പ്രദേശവാസികള്‍ മുന്നിലുണ്ടാകും. ചിത്രീകരണ ആവശ്യങ്ങള്‍ക്കും സമീപവാസികളും കോളനിയിലെ താമസക്കാരും നല്ല സഹകരമാണ്. സിനിമയോട് വലിയ അടുപ്പം പുലര്‍ത്തുന്ന കോളനിവാസികളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ എങ്ങനെയാണ് വരുന്നതെന്ന് അറിയില്ലെന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

മഞ്ജു വാര്യരോട് ഇതേ സ്‌നേഹമാണ് ഇവിടെയുള്ളവര്‍ പുലര്‍ത്തുന്നത്. കൗമാരക്കാരിയെ മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ റോളിലാണ് മഞ്ജു വാര്യര്‍. മംമ്താ മോഹന്‍ദാസും ഈ ചിത്രത്തിലുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ് മഞ്ജു വാര്യര്‍ നായികയായി ഇവിടെ ചിത്രീകരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് നിര്‍മ്മാണം. മധു നീലകണ്ഠനാണ് ക്യാമറ.

SHARE