കലാഭവന്‍ മണിയുടെ മരണത്തില്‍ നേരറിയാന്‍ സിബിഐ; സുഹൃത്തുക്കള്‍ നിരീക്ഷണത്തില്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയിലെത്തിയ സംഘം ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈപ്പറ്റുകയും ചെയ്തു. നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞമാസമായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കരള്‍ രോഗമായിരുന്നു മണിയുടെ മരണകാരണമെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് തളളിയാണ് ഒരുമാസത്തിനുളളില്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്.

2016 മാര്‍ച്ച് ആറിനാണ് മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചാലക്കുടി പുഴയോരത്തെ ഔട്ട് ഹൗസായിരുന്ന ‘പാടി’യില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റേയും സാന്നിദ്ധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

SHARE