പുതിയ മാതൃകയിലുള്ള ഡ്രൈവിങ് പരീക്ഷ മേയ് 22 മുതല്‍; നടപ്പാകില്ലെന്നു പരിശീലകര്‍

പത്തനംതിട്ട: പുതുക്കിയ രീതിയിലുള്ള ഡ്രൈവിങ് പരീക്ഷ മേയ് 22 മുതല്‍ നടപ്പാക്കിയാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. പുതുമകളോടെ പരീക്ഷ നടപ്പാക്കാനുള്ള തീരുമാനം ഹൈക്കോടതി മേയ് 15 വരെ തടഞ്ഞിരുന്നു. പരീക്ഷാ ഗ്രൗണ്ടുകളില്‍ മുന്നൊരുക്കം നടത്താനാണ് സാവകാശമെടുക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രൗണ്ടിലെ ഒരുക്കം ഈ സമയത്തിനകം നടത്താന്‍ കഴിയില്ലെന്നാണ് ഡ്രൈവിങ് പരിശീലകര്‍ പറയുന്നത്. പുതുക്കിയ പരീക്ഷയ്ക്ക് മുന്നോടിയായി പരിശീലകര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. പുതിയ രീതികള്‍ പരിചയപ്പെടുത്തുകയും അത് മത്സരാര്‍ഥികളെ പഠിപ്പിക്കുകയും വേണം.

ഇതൊന്നുമില്ലാതെ പൊടുന്നനെ പുതിയരീതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഡ്രൈവിങ് ഇന്‍സ്ട്രക്ടേഴ്‌സ് യൂണിയന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സലീം പി. ചാക്കോ പറഞ്ഞു. ചൊവ്വാഴ്ച സംഘടന പത്തനംതിട്ടയില്‍ പരീക്ഷാഗ്രൗണ്ടുകളില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിരത്തുകളില്‍ ശരിയായ ഡ്രൈവിങ് ഉറപ്പാക്കാനാണ് പുതിയ രീതികളെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി. വേണ്ടതെല്ലാം ഗ്രൗണ്ടുകളില്‍ ഒരുക്കും.

SHARE