ബാഹുബലി 2ല്‍ ഭല്ലാല ദേവന്‍ കുതിച്ചത് റോയല്‍ എന്‍ഫീല്‍ഡില്‍ !

ബാഹുബലി 2 ന്റെ വിജയത്തേരോട്ടം രാജ്യാന്തര അതിര്‍ത്തികള്‍ കടന്ന് മുന്നേറുകയാണ്. ബാഹുബലിയില്‍ എന്ന പോലെ, സങ്കല്‍പത്തില്‍ നിന്നും കടഞ്ഞെടുത്ത ഐതീഹ്യത്തെ വിജയകരമായി ദൃശ്യവത്കരിക്കാന്‍ ബാഹുബലി 2 ലും സംവിധായകന്‍ എസ് എസ് രാജമൗലിക്കും സംഘത്തിനും സാധിച്ചുവെന്നതാണ് സിനിമയുടെ യഥാര്‍ത്ഥ വിജയം. ആധുനിക സാങ്കേതികതയുടെ പിന്‍ബലത്തില്‍ പുരാതന രാജകീയതയെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന് പിന്നില്‍ ഒരു മലയാളി തിളക്കമുണ്ട്. ബാഹുബലി 2 ല്‍ ഏറെ പ്രശംസിക്കപ്പെട്ടത് പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിലിന്റെ പ്രയത്‌നമാണ്.

പ്രകൃതി ഭംഗിയോ, യുദ്ധമോ, ആഢ്യത്തമാര്‍ന്ന രാജകീയതയോ.. ബാഹുബലിയിലെ എന്തിലും കാണാം സാബു സിറിലിന്റെ കൈയ്യൊപ്പ്. കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ബാഹുബലി 2 ലെ ചില രഹസ്യങ്ങള്‍ സാബു സിറില്‍ പുറത്ത് വിട്ടത് ഓട്ടോ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ബാഹുബലി 2 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഘടകങ്ങളില്‍ ഒന്ന് ഭല്ലാല ദേവയുടെ രഥമാണ്. റാണ ദഗ്ഗുബാട്ടി പൂര്‍ത്തീകരിച്ച ഭല്ലാല ദേവ എന്ന കഥാപാത്രം ചിത്രത്തില്‍ സഞ്ചരിക്കുന്ന രഥത്തില്‍ അതിശയിക്കാത്തവര്‍ കുറവായിരിക്കും. അതെ, ഭല്ലാല ദേവയുടെ രഥമോടിയത് റോയല്‍ എന്‍ഫീല്‍ഡ് കരുത്തിലാണ്. റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിനിലാണ് രഥം ഒരുങ്ങിയത്. ബാഹുബലിയുടെ ആദ്യ ഭാഗത്തിലും റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് സാബു സിറില്‍ വെളിപ്പെടുത്തി.

കാറില്‍ ഉള്ളത് പോലെ യഥാര്‍ത്ഥ സ്റ്റീയറിംഗും ഡ്രൈവറും ഉള്‍പ്പെടുന്നതാണ് രഥത്തിന്റെ ഘടന. അതേസമയം, രഥത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി എഞ്ചിനാണോ, 500 സിസി എഞ്ചിനാണോ നല്‍കിയത് എന്നതില്‍ വ്യക്തത നല്‍കിയില്ല. എന്നാല്‍ ഐതീഹ്യ ചരിത്രത്തില്‍ ഒരുങ്ങിയ സിനിമയുടെ ഭാഗമാകാന്‍ പ്രൗഢ ഗംഭീരമായ റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചൂവെന്നത് തന്നെ കമ്പനിയുടെ അഭിമാനമാണ്.

ബാഹുബലി രണ്ടാം ഭാഗത്തിലെ മറ്റൊരു രഹസ്യം, ദേവസേനയുടെ മാളികയാണ്. യഥാര്‍ത്ഥത്തില്‍ ഹൈദരാബാദിലെ ഒരു അലൂമിനിയം ഫാക്ടറിയാണ് ബാഹുബലിയില്‍ കാണപ്പെടുന്ന ദേവസേനയുടെ മാളിക. ഒപ്പം, സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള മൃഗങ്ങള്‍ ഒന്നും തന്നെ ജീവനുള്ളവയല്ല. കൃത്രിമ ആനകളെയും, കുതിരകളെയും, കാളകളെയും എല്ലാം ഏറെ കഷ്ടപ്പെട്ടാണ് സെറ്റില്‍ ഒരുക്കിയതെന്ന് സാബു സിറില്‍ വെളിപ്പെടുത്തുന്നു.

ബാഹുബലി രണ്ടില്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന ആന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നൂവെന്ന് സാബു സിറില്‍ പറഞ്ഞു. പത്ത് പേരോളം ചേര്‍ന്നാണ് കൃത്രിമ ആനെയ രംഗങ്ങള്‍ക്ക് അനുസരിച്ച് ചലിപ്പിച്ചത്.

SHARE