ബാഹുബലി രണ്ടാം ഭാഗത്തിന് വന്‍ വരവേല്‍പ്പ്; ഒന്നാം ഭാഗത്തേക്കാള്‍ മികച്ചു നില്‍ക്കുന്നു, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം തിയറ്ററുകളിലെത്തി. ഇന്ത്യയൊട്ടാകെ വമ്പന്‍ റിലീസാണ് ഒരുക്കിയിരുന്നത്. കേരളത്തിലും വന്‍വരവേല്‍പ്പാണു ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങിനടക്കം ലഭിച്ചത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിങ് സെന്ററുകളാണ് സിനിമയ്ക്കുള്ളത്. ഫോര്‍ കെ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി.
ബാഹുബലി രണ്ടാം ഭാഗം ആദ്യം കണ്ടതു ഗള്‍ഫിലെ പ്രേക്ഷകരാണ്‍. ഇന്നലെ വൈകിട്ടായിരുന്നു ഗള്‍ഫിലെ റീലീസ്. എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസിലാണു പ്രദര്‍ശനം. അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണു ബാഹുബലിയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം നിര്‍ത്തിയടത്തു നിന്നാണു കഥ തുടരുന്നത്.
പ്രണയവും പ്രതികാരവും വഞ്ചനയുമെല്ലാം വേണ്ടുവോളമുണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍. പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്ന നിമിഷങ്ങളും ഏറെ കരുതി വച്ചിരിക്കുന്നു രണ്ടാം ഭാഗത്തില്‍ രാജമൗലി. ബന്ധങ്ങളുടെ തീവ്രതയിലാണു രണ്ടാം ഭാഗത്തില്‍ കഥ മുന്നേറുന്നത്. രമ്യാ കൃഷ്ണന്റെ ശിവകാമിയും സത്യരാജിന്റെ കട്ടപ്പയും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണു രണ്ടാം ഭാഗമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.
നാലു ഭാഷകളിലായി ആയിരത്തോളം സ്‌ക്രീനുകളിലാണു ബാഹുബലി ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിനു മുന്‍പുതന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ബാഹുബലി പുതിയ ചരിത്രമെഴുതുമെന്ന് ആദ്യദിനത്തിലെ പ്രേക്ഷകപ്രതികരണം ഉറപ്പിക്കുന്നു.
കേരളത്തിലും പുലര്‍ച്ചെത്തന്നെ പലയിടങ്ങളിലും സിനിമ റിലീസ് ചെയ്തു. മിക്ക തിയറ്ററുകളിലും അടുത്ത ഷോയ്ക്കായി ആളുകള്‍ തിങ്ങിക്കൂടിനില്‍ക്കുകയാണ്. പല തിയറ്ററുകളിലും അടുത്ത മൂന്നു ദിവസത്തേക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടിത്തന്നെ ബുക്ക് ചെയ്തിട്ടുമുണ്ട്.

SHARE