അറുപതിന്റെ നിറവില്‍ പാലക്കാട് ഒരുങ്ങുന്നു ‘ലീഡിങ് ബാന്‍ഡ്‌സ്’ സംഗീത നിശ; മസാല കോഫീ, അവിയല്‍, സപ്തമെന്‍സ് ബ്രാന്‍ഡുകള്‍ അണിനിരക്കുന്നു ഏപ്രില്‍ 29ന്

പാലക്കാട്: കേരളത്തിന്റെ പാരമ്പര്യവും തമിഴ് സംസ്‌കാരത്തിന്റെ ഊടും പാവും ഇട്ട കേരളത്തിന്റെ നെല്ലറയായ പാലക്കാടന്‍ മണ്ണിന് ഇനി കതിര്‍മണമുള്ള അറുപതിന്റെ മാധുര്യം. കൊയ്ത്തും, കൊയ്ത്തുപാട്ടുകളും നിറഞ്ഞു തുളുമ്പുന്ന വിശുന്തിയുടെ ഗ്രാമം, ഒ.വി. വിജയന്‍ ഇതിഹാസ സമാനമായി വാഴ്ത്തിപാടിയ ഗ്രാമീണ ഭാഷ, വയലലകള്‍ പാടുന്ന പ്രിയതമ ഗീതം ഏറ്റുപാടുന്ന നാട്, കിളികൊഞ്ചലും… മലനാടിന്‍ മാധുര്യങ്ങളും… പലവര്‍ണ ഭേദങ്ങളും, പലജാതി പുഷ്പങ്ങളും ഒരു നൂലില്‍ കോര്‍ക്കുന്ന നാട്. കര്‍ണാടക സംഗീതത്തിന്റെയും മലയാള സാഹിത്യത്തിന്റെയും പാഠങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കതിര്‍ മണമുള്ള കൃഷിഭൂമിയുടെ നാട്. കേരളത്തിന്റെ തനതു നന്മകളെല്ലാം തന്നെ ഏറ്റുവാങ്ങിയ പാലക്കാടിന് ഇനി പറയുവാന്‍ കഥകള്‍ ഏറെയും ബാക്കി.
1957 ജനുവരി 1 നാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാടന്‍ ജില്ല ആദ്യമായി രൂപീകൃതമാകുന്നത്. പിന്നീട്, 2006 ഇല്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്ന ഖ്യാതിയും പാലക്കാടിന് സ്വന്തമായി. സാക്ഷരത കുറഞ്ഞ ഈ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പട്ടികജാതി കുടുംബങ്ങള്‍ ഉള്ളത്. കലയുടെ നാടെന്ന കേളി പാലക്കാടിനെ പരിപൂര്‍ണതയില്‍ എത്തിക്കുന്നു. കണ്യാര്‍കളി, തോറ്റംപാട്ട്, കോല്‍ക്കളി… എന്നിവയെല്ലാം പാലക്കാടിന് സ്വന്തം തന്നെ.
60ന്റെ നിറവില്‍ എത്തിനില്‍ക്കുന്ന കേരളത്തിന്റെ നെല്ലറയ്ക്ക് പറഞ്ഞാലും പാടിയാലും തീരാത്ത വിശേഷണങ്ങളുണ്ട്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഉണര്‍ന്നു കഴിഞ്ഞു. ഇനി കല ഉണരും… പാട്ടുകള്‍ ഉയരും, കലയുടെ മാമാങ്കത്തിന് പൊലിമയേറും. എന്നാല്‍, പിറന്നാളോഘോഷത്തിന്റെ മാധുര്യം എല്ലാ മലയാളികള്‍ക്കും പകര്‍ന്നു നല്‍കുവാനും പാലക്കാട് മറന്നിട്ടില്ല. ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് മുനിസിപ്പാലിറ്റിയും ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലീഡിങ് ബാന്‍ഡ്‌സ് ‘എന്ന സംഗീത നിശ ഏപ്രില്‍ 29 നു പാലക്കാട് ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഏവരുടെയും ഇഷ്ട ബാന്‍ഡുകളായ മസാല കോഫീ, അവിയല്‍, സപ്തമെന്‍സ് എന്നിവര്‍ അണിനിരക്കുന്ന ഒരപൂര്‍വ സായാഹ്നം പാലക്കാട് ഏവര്‍ക്കുമായി ഒരുക്കിയിരിക്കുന്നു. 29ന് വൈകീട്ട് 5.30 മുതല്‍ 10.30വരെയാണ് പരിപാടി. പാലക്കാടിന്റെ സന്തോഷത്തില്‍ നമുക്കും പങ്കാളികളാവാം. ടിക്കറ്റിനായി താഴെ പറയുന്ന നമ്പറില്‍ ബന്ധപെടുക.
9497163693
9847302676

SHARE