ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഉപഭോക്താക്കളില്‍ നിന്ന് റസ്‌റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. അത് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
മാത്രമല്ല എത്രയാണ് സര്‍വീസ് ചാര്‍ജ് എന്ന് ഹോട്ടലുകളോ റസ്‌റ്റോറന്റുകളോ നിശ്ചയിക്കാന്‍ പാടില്ല. എത്രയാണ് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശവും ഉപഭോക്താവിനാണെന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്കുമേല്‍ സര്‍വീസ് ചാര്‍ജ് ചുമത്തുന്നതിനെതിരെയുള്ള രണ്ടാമത്തെ നിര്‍ദ്ദേശമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ നിര്‍ദ്ദേശത്തില്‍ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ അത് നല്‍കേണ്ടതില്ല എന്നും വ്യക്തമാക്കി ബോര്‍ഡ് വയ്ക്കണമെന്നും പറയുന്നുണ്ട്.
നിരവധി റസ്‌റ്റൊറന്റുകള്‍ എട്ടുമുതല്‍ 10 ശതമാനം വരെ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. ഇക്കാര്യം അവര്‍ പ്രത്യേകം പ്രവേശന വഴിയില്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. മുമ്പ് നല്‍കിയ നിര്‍ദ്ദേശം പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെങ്കിലും അത് ജീവനക്കാരിലേക്ക് എത്താറില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രം നടപടി എടുത്തത്.

SHARE